തിരുവനന്തപുരം: ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ (എസ്.ഐ.എം.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാമത് സംസ്ഥാന സ്പെഷ്യൽ എംപ്ലോയീസ് മീറ്റ് ‘സിദ്ധി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ധപ്പെട്ട വാർത്തകൾ: മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂർ
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പ്രത്യേകം വിദ്യാഭ്യാസം നൽകുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും സ്വയം പര്യാപ്തമാക്കുന്നതിനും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചലഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ ശാസ്ത്രീയ പരിശീലന ക്രമത്തിലൂടെ വിവിധ തൊഴിലുകളിൽ പുനരധിവസിപ്പിക്കുവാൻ കഴിയുമെന്നത് വസ്തുതയാണ്.
ബന്ധപ്പെട്ട വാർത്തകൾ: 654 തസ്തികകളിൽ 4 ശതമാനം ഭിന്നശേഷി സംവരണം: മന്ത്രി ആർ. ബിന്ദു
ഇങ്ങനെ സമൂഹത്തിലെ സർഗാത്മപൗരത്വത്തിലേക്ക് ഇവരെ ഉയർത്താൻ കഴിയുമെന്നത് വ്യക്തമാണ്. കുട്ടികളുടെ സവിശേഷമായ കരവിരുത്, തൊഴിൽ സന്നദ്ധത, സാമ്പത്തികവും സാമൂഹികവുമായ സ്വാശ്രയത്വം എന്നിവ പൊതു സമൂഹം അറിഞ്ഞിരിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തത്സമയ തൊഴിൽ പ്രവർത്തനം, കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും, ജോലി ചെയ്യുന്ന വ്യക്തികളുടെ സംഗമം, ബോധവത്കരണ ക്ലാസ് എന്നിവയാണ് സ്പെഷ്യൽ എംപ്ലോയീസ് മീറ്റിലൂടെ നടത്തുന്നത്.
സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി അവാർഡിന് അർഹനായ എസ്. നയൻ- നെ ചടങ്ങിൽ അനുമോദിച്ചു. കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. യു എൽ സി സി എസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം. കെ ജയരാജ് വിഷയവതരണം നടത്തി. ചലച്ചിത്രവികസന കോർപ്പറേഷൻ വൈസ് ചെയർമാൻ പ്രേം കുമാർ, കൗൻസിലർമാരായ കവിത എൽ.എസ്., സ്റ്റാൻലി ഡിക്രൂസ്, എസ്.ഐ.എം.സി അക്കൗണ്ട്സ് ഓഫീസർ ജയ ആർ.എസ്., കഴക്കൂട്ടം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ഐ., പിറ്റിഎ പ്രസിഡന്റ് സഹീദ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ എസ്.ഐ.എം.സി രജിസ്ട്രാർ ബിജി കെ. കൃതജ്ഞത രേഖപ്പെടുത്തി.
Share your comments