ഏറ്റവും മധുരം കിനിയുന്ന വരിക്കച്ചക്കയിനം കണ്ടെത്തിയിരിക്കുകയാണ് നീലേശ്വരം ഗവ. കാർഷിക കോളേജ് വിദ്യാർഥികൾ. മൂന്നു വർഷത്തെ തിരച്ചിലിനൊടുവി ലാണ് ഈ കണ്ടെത്തൽ. കാസർകോട് ജില്ലയിലെ പലഭാഗങ്ങളിലുമുള്ള നാനൂറിലധികം പ്ലാവുകളും ചക്കകളും പഠനവിധേയമാക്കിയാണ് ’ചിറപ്പുറം ക്ലസ്റ്റർ ജാക്ക്’ എന്ന മധുരച്ചക്ക കണ്ടെത്തിയത്..ഇതുവരെ തിരിച്ചറിഞ്ഞ ഏറ്റവും മധുരംകൂടിയ വരിക്കച്ചക്കയിനം കൂടിയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ കോളേജ് ഹോർട്ടികൾച്ചർ വിഭാഗം പി.ജി. വിദ്യാർഥികൾ പറഞ്ഞു. 32 ഡിഗ്രി ബ്രിക്സാണ് പുതിയ ഇനത്തിന്റെ മധുരത്തിന്റെ അളവ്.ലോകത്തിൽ അറിയപ്പെടുന്ന ഏറ്റവും മധുരമേറിയതും സ്വാദേറിയതുമായ ചക്ക ’സിങ്കപ്പൂർവരിക്ക’യും ’മുട്ടൻവരിക്ക’യുമാണ്. ഇതിനോട് കിടപിടിക്കുന്ന ഇനമാണ് ചിറപ്പുറം ക്ലസ്റ്റർ ജാക്ക്.
വലിപ്പക്കുറവാണ് ചിറപ്പുറം ക്ലസ്റ്ററിൻറെ പ്രധാന പ്രത്യേകത. ചക്കയ്ക്ക് പരമാവധി രണ്ടര കിലോ തൂക്കമാണ്. ഒരുകുലയിൽത്തന്നെ ആറുമുതൽ എട്ടുവരെ ചക്കകളുണ്ടാകും.ഒരുചക്കയ്ക്കുള്ളിൽ 40 ചുളകൾവരെയുണ്ട്. ഒരുമരത്തിൽ ഒരുവർഷം 350 ചക്കകൾവരെ കായ്ക്കും. തുടർച്ചയായി എല്ലാവർഷവും കായ്ഫലം നൽകുന്ന ഇനം കൂടിയാണിത്.വിദ്യാർഥികൾ ഗവേഷണത്തിലൂടെ കണ്ടെത്തിയ പ്രാഥമിക വിവരങ്ങൾ കാർഷിക കോളേജ് അധികൃതർ സോണൽ റിസർച്ച് ആൻഡ് എക്സ്‌റ്റെൻഷൻ അഡ്വൈസറി കൗൺസിലിന് കൈമാറിയിട്ടുണ്ട്. കൗൺസിൽ യോഗങ്ങളിൽ ഇതിന് അംഗീകാരം ലഭിക്കുന്നതോടെ പുതിയ പേരുനൽകി കോളേജ് ഫാമിൽത്തന്നെ ബഡ് ചെയ്ത തൈകൾ ഉത്‌പാദിപ്പിക്കാനാണ് തീരുമാനം.
Share your comments