പൂർണമായും 'കാർബൺ ന്യൂട്രൽ' പഞ്ചായത്തായി മാറാനുള്ള ഒരുക്കത്തിലാണ് ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്. അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും സ്വാംശീകരണവും തുല്യമാക്കുന്നതിനായി 35 പദ്ധതികളാണ് ഭരണസമിതി നടപ്പിലാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി വിദ്യാര്‍ത്ഥികള്‍
'ഭാവിക്കൊരു കുടമരം' പദ്ധതിയിലൂടെ ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിനെ ഭൗമതാപത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി എല്ലാ വീടുകളിലും തരിശുഭൂമികളിലും മരങ്ങൾ നട്ടുപിടിപ്പിച്ച് മരക്കുടയൊരുക്കും. ഫലവൃക്ഷത്തൈകൾ കൂടുതലായി നട്ടുപിടിപ്പിക്കുന്നതിലൂടെ ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തും. കാർബൺ ന്യൂട്രൽ ഉറപ്പുവരുത്തുന്നതിനുള്ള പ്രകൃതിയുടെ കുടയായി കുടമരം പദ്ധതി മാറും. ഔഷധ സസ്യോദ്യാനം ഒരുക്കി മുസിരിസ് പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരികയാണ്.
ബന്ധപ്പെട്ട വാർത്തകൾ: കാർബൺ ന്യൂട്രൽ കൃഷി രീതി സംസ്ഥാനത്തു വ്യാപകമാക്കും: മന്ത്രി പി. പ്രസാദ്
തണ്ണീർത്തടങ്ങൾ, പൊതുകുളങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനോടൊപ്പം കുളത്തിൽ താമര കൃഷിയും പ്രോത്സാഹിപ്പിക്കും. കൂടാതെ പഞ്ചായത്തിലെ എല്ലാ വീടുകളിലും വിവിധയിനം പ്ലാവിൻ തൈ നട്ടുപിടിപ്പിക്കുന്നതിലൂടെ ഭാവിയിലെ കല്പവൃക്ഷം എന്ന നിലയിൽ പ്ലാവിനെ മാറ്റിയെടുത്ത് ചിറ്റാറ്റുകരയെ ചക്ക ഗ്രാമമാക്കി മാറ്റുകയും ചെയ്യും.
പഞ്ചായത്തിൽ സജീവമായി പ്രവർത്തിക്കുന്ന വയോജന ക്ലബുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് 'മരത്തണലിൽ ഇത്തിരി നേരം'. നാട്ടറിവുകളുടെ പങ്കുവയ്ക്കൽ, വയോജനങ്ങളുടെ ആഹ്ളാദഭരിതമായ സായാഹ്നങ്ങൾ എന്നിവയ്ക്കൊപ്പം 'ഭാവിക്കൊരു കുടമരം' പോലുള്ള പഞ്ചായത്ത് പദ്ധതികളുടെ പ്രചാരണം, അവലോകനം എന്നിവയ്ക്കായി വയോജനങ്ങളുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുന്ന സായാഹ്ന സഭകൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.
കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് കുട്ടികളിൽ താല്പര്യമുണർത്തുന്നതിനായി 'ഊഞ്ഞാലാടാം ഉല്ലസിക്കാം' എന്ന ആശയം പ്രചരിപ്പിക്കും. കംപ്യൂട്ടർ - മൊബൈൽ ഗെയിമുകളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾക്ക് പകരം കളിച്ചുല്ലസിച്ച് വളരുന്ന ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും.
അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി യുവജനങ്ങൾക്ക് സൈക്കിൾ നൽകുക, ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ധനസഹായം നൽകുക തുടങ്ങിയ പദ്ധതികൾക്കൊപ്പം പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ച് നിരത്തുകളിൽ മലിനീകരണം കുറച്ച് ശുദ്ധവായു നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കും.
Share your comments