സുരക്ഷിതവും റിസ്കില്ലാത്തതുമായ നിക്ഷേപങ്ങളാണ് എല്ലാവരും തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്. ഓഹരി വിപണി, ബിസിനസ്, സ്വകാര്യ ചിട്ടികൾ, ബോണ്ടുകൾ, കടപത്രം എന്നിവയിലേക്ക് പോകാത്തവരാണ് കൂടുതലും. ലാഭം കുറഞ്ഞാലും വേണ്ടില്ല റിസ്കെടുക്കാൻ സാധിക്കില്ല ചിന്താഗതിക്കാരാണ് ഇവരിൽ കൂടുതലും. ഇത്തരത്തിലുള്ളവർക്ക് നിക്ഷേപങ്ങളും പുനർ നിക്ഷേപങ്ങളും നടത്തി നല്ല ആദായം നേടാം. ഒറ്റത്തവണ നിക്ഷേപിക്കാനായി നല്ലൊരു തുകയുള്ള കയ്യിലുള്ളവരും, മാസത്തിൽ മിച്ചം പിടിക്കുന്ന തുക നിക്ഷേപിക്കാൻ ഒരുങ്ങുന്നവരുമുണ്ട്. ഇത്തരക്കാർക്ക് നിക്ഷേപിക്കാൻ പറ്റിയ നഷ്ട സാധ്യതയില്ലാത്ത നിക്ഷേപങ്ങളാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് നിക്ഷേപ സംരക്ഷണ പദ്ധതിയുടെ ഗുണങ്ങൾ
ഒറ്റ തവണയായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക്
കയ്യിലുള്ള പണം ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് ബാങ്ക് സ്ഥിര നിക്ഷേപം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, ട്രഷറി സ്ഥിര നിക്ഷേപം എന്നിവ തിരഞ്ഞെടുക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ 5 ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഇൻഷൂറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ പരിരക്ഷ ലഭിക്കും. രാജ്യത്തെ ഷെഡ്യൂൾഡ് ബാങ്ക്, അർബൻ കോർപ്പറേറ്റീവ് ബാങ്ക് എന്നിവയ്ക്ക് ഈ ഇൻഷൂറൻസ് പരിരക്ഷയുണ്ട്. നിക്ഷേപത്തിനായി ബാങ്കിലേക്ക് പോകുന്നവർ ഡിഐസിജിസി ഇൻഷൂറൻസ് ഉറപ്പാക്കണം. പോസ്റ്റ് ഓഫീസ്, ട്രഷറി നിക്ഷേപങ്ങൾ സർക്കാർ നിയന്ത്രണത്തിലുള്ളവ ആയതിനാൽ നഷ്ട സാധ്യത തീരെയില്ല.
പുനർ നിക്ഷേപം ഒറ്റത്തവണ നിക്ഷേപിക്കുന്നവർക്ക്
പുനർ നിക്ഷേപം നടത്തിയും ലാഭമുണ്ടാക്കാം. ഇതിനായുള്ള വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. ബാങ്ക് സ്ഥിര നിക്ഷേപത്തിൽ മാസ പലിശ രീതി തിരഞ്ഞെടുക്കുക. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ മന്ത്ലി ഇൻകം സ്കീമിൽ ചേരാം. ട്രഷറി നിക്ഷേപങ്ങൾക്ക് മാസത്തിലാണ് പലിശ അനുവദിക്കുന്നത്. ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ചേരാൻ പറ്റുന്ന കെഎസ്എഫ്ഇ ചിട്ടി തിരഞ്ഞെടുത്ത് നിക്ഷേപിക്കുക.
ചിട്ടി വിളിച്ചെടുത്താൽ പണം കെഎസ്എഫ്ഇയിൽ നിക്ഷേപിച്ച് ഈ പലിശ കൊണ്ട് ആവർത്തന നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസിലോ, ബാങ്കിലോ ആവർത്തന നിക്ഷേപം തുടങ്ങാം. ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകളും ഇത്തരക്കാർക്ക് നിക്ഷേപിക്കാവുന്നതാണ്. ഇത്തരത്തിൽ അടിസ്ഥാന നിക്ഷേപത്തിൽ നിന്നും പുനർ നിക്ഷേപത്തിലൂടെയും വലിയ തുക കയ്യിലെത്തും. ഒറ്റത്തവണ നിക്ഷേപിക്കാൻ പണമുള്ളവർക്ക് കെഎസ്എഫ്ഇ മുടക്ക ചിട്ടി തിരഞ്ഞെടുക്കാം. ചിട്ടി വിളിച്ചെടുത്ത് എഫ്ഡിയാക്കിയും ലാഭം നേടാം.
മാസം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക്
മാസം മിച്ചം പിടിക്കുന്നവർക്ക് ചേരാൻ പറ്റിയ നിക്ഷേപമാണ് പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം, ബാങ്ക് ആവർത്തന നിക്ഷേപം, കെഎസ്എഫ്ഇ ചിട്ടി എന്നിവ. മാസത്തിൽ എസ്ഐപി വഴി ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതും പൊതുവെ റിസ്കില്ലാത്ത നിക്ഷേപ മാർഗമാണ്. സർക്കാർ സെക്യൂരിറ്റികളിലും ബോണ്ടുകളിലുമാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപിക്കുന്നത്. നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ഓരോ നിക്ഷേപങ്ങളിലും മാസത്തിൽ അടയ്ക്കേണ്ട തുക തീരുമാനിക്കാം.
Share your comments