എറണാകുളം: ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിശോധനകളും ശക്തമാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന നാര്‍കോട്ടിക്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെയും കൊച്ചി ബിനാലെയുടെയും പശ്ചാത്തലത്തിലാണ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. ബന്ധപ്പെട്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഹോം സ്റ്റേ നടത്തിപ്പുകാര്‍ മുറിയെടുക്കുന്നവരുടെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കണം.
വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടുകള്‍ തടയുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപങ്ങളിലും ടോള്‍ ഫ്രീ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. ഈ നമ്പര്‍ വഴി ലഹരി ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ അധികാരികളെ അറിയിക്കാം.
കമ്മിറ്റിയുടെ അടുത്ത യോഗം കളക്ടറേറ്റില്‍ ചേരുന്നതിനും അതില്‍ സ്‌കൂള്‍ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനും ധാരണയായി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ റസിഡന്റസ് അസോസിയേഷനുകള്‍ക്കൊപ്പം വിവിധ എന്‍.ജി.ഒ കളെയും സഹകരിപ്പിക്കും. പാഴ്‌സല്‍ സര്‍വീസ് വഴി ലഹരി ഇടപാടുകള്‍ നടക്കുന്നത് തടയാന്‍ പ്രത്യേക ശ്രദ്ധ നല്‍കും. സേവന ദാതാക്കള്‍ പാഴ്‌സല്‍ അയക്കുന്നവരുടെയും സ്വീകരിക്കുന്നവരുടെയും കൃത്യമായ വിവരങ്ങള്‍ ശേഖരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ലഹരി വിമുക്ത കേരളം; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപന സ്വഭാവത്തില്‍ മുന്‍പോട്ട് കൊണ്ടുപോകുന്നതിന് എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസം, സാമൂഹ്യ നീതി വകുപ്പുകളുടെ കോ - ഓഡിനേഷന്‍ കമ്മിറ്റി ചേരുന്നതിനും തീരുമാനിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഫോറസ്റ്റ്, പൊലീസ്, സി.ഐ.എസ്.എഫ്, കോസ്റ്റ് ഗാര്‍ഡ്, കസ്റ്റംസ്, വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 (ടോള്‍ ഫ്രീ), 99959 66666 (യോദ്ധാവ്) എന്നീ നമ്പറുകളില്‍ വിവരം അറിയിക്കാം.
Share your comments