<
  1. News

ചൈനീസ് പട്ടയോ സിലോൺ പട്ടയോ ? -കറുവപ്പട്ട, നോക്കീം കണ്ടും കഴിച്ചാൽ കൊള്ളാം

'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ? ജീവിക്കാനായി കഴിക്കുന്നവരും, കഴിക്കാനായി ജീവിക്കുന്നവരും ഉണ്ട്. രണ്ടായാലും, കഴിക്കുന്നത്‌ പോഷകമാണോ പാഷാണമാണോ എന്നറിയുന്നത് ചില മുൻകരുതലുകൾ എടുക്കാൻ നമ്മളെ സഹായിക്കും.

Arun T

പ്രമോദ് മാധവൻ

'അന്ന വിചാരം മുന്ന വിചാരം' എന്നാണല്ലോ ? ജീവിക്കാനായി കഴിക്കുന്നവരും, കഴിക്കാനായി ജീവിക്കുന്നവരും ഉണ്ട്. രണ്ടായാലും, കഴിക്കുന്നത്‌ പോഷകമാണോ പാഷാണമാണോ എന്നറിയുന്നത് ചില മുൻകരുതലുകൾ എടുക്കാൻ നമ്മളെ സഹായിക്കും.

അത്തരം ഒരു സുഗന്ധവ്യഞ്ജനമാണ് കറുകപട്ട അഥവാ കറുവപ്പട്ട.

ബിരിയാണിയിലും കുഴിമന്തിയിലും ഗരം മസാലയിലും ഒക്കെ ഉള്ള പട്ടയെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ ആണ് ഇന്ന് ഇവിടെ കുറിക്കുന്നത്.

മറ്റു പല സുഗന്ധൻമാരെ പോലെ തന്നെ ദീർഘമായ പാരമ്പര്യം കറുവപ്പട്ട അഥവാ സിന്നമണിനുണ്ട്. 2000 BC യിലൊക്കെ പട്ടയെ കുറിച്ച് പരാമർശങ്ങൾ ഉണ്ട്. അന്നൊക്കെ ഏറ്റവും വില പിടിച്ച, വിഐപികൾക്ക് ഒക്കെ സമ്മാനമായി കൊടുക്കാൻ തക്കവണ്ണം മൂല്യം ഉള്ള ഉല്പന്നമായിരുന്നു പട്ട. ദേവാലയങ്ങളിൽ കാണിക്ക ആയും സമർപ്പിക്കപ്പെട്ടിരുന്നു.

കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിന്നമാൽഡിഹൈഡ്, യൂജിനോൾ എന്നിവയാണ് അതിനു സവിശേഷ മണവും രുചിയും നൽകുന്നത്.

പക്ഷെ, പ്രശ്നം എന്തെന്നാൽ പട്ട രണ്ടു തരമുണ്ട്. സിന്നമൺ അഥവാ സിലോൺ പട്ട, കാസ്സിയ അഥവാ ചൈനീസ് പട്ട. ആദ്യത്തേത് Cinnamomum verum (മുൻപ് zeylanicum എന്നായിരുന്നു ). രണ്ടാമത്തേത് Cinnamomum cassia.

ഇതിൽ ഏതാണ് നിങ്ങൾ കഴിക്കുന്നത്‌ എന്നറിയണം. കാരണം രണ്ടാമത്തേത് (cassia) ആണെങ്കിൽ അതിൽ പതിയിരിക്കുന്ന ഒരപകടമുണ്ട്. അതിൽ അപകടകരമാം വിധം coumarin എന്ന വസ്തു അടങ്ങിയിരിക്കുന്നു. നിശ്ചിത അളവിൽ കൂടുതൽ അകത്തു ചെന്നാൽ കിഡ്നി, കരൾ എന്നിവയെ കുഴപ്പിക്കും.

ഒരു കാലത്ത് ഇറ്റലിക്കാരുടെ അഥവാ റോമാ സാമ്രാജ്യത്തിന്റെ കുത്തക ആയിരുന്നു യൂറോപ്പിലെ പട്ട വിപണി. അവർ എവിടെ നിന്നും ഈ വിശിഷ്ട വസ്‌തു കൊണ്ട് വരുന്നു എന്നത് പൊതുവേ അജ്ഞാതമായിരുന്നു. ഓട്ടോമൻ സാമ്രാജ്യ വളർച്ചയോടെ കുത്തക അവരുടെ കൈയ്ക്കലായി. അപ്പോൾ ബദൽ കടൽപ്പാത കണ്ടെത്തിയ സ്പാനിഷ് നാവികൻ ഫെർഡിനാൻഡ് മഗല്ലൻ സുഗന്ധം തിരഞ്ഞു ശ്രീലങ്കൻ തീരത്തെത്തി.മദിപ്പിക്കുന്ന കറുവപ്പട്ടയുടെ സുഗന്ധം മണക്കുന്ന സിംഹരാജ വന മേഖലയിൽ, നിഗുമ്പോ തീരത്ത്.

അത് പിന്നീട് പറങ്കികളുടെ നിയന്ത്രണത്തിലായി. കൈ മറിഞ്ഞു 1638ൽ ശ്രീലങ്ക, ഡച്ച് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കൈകളിൽ എത്തി.

1767ൽ ലോർഡ് ബ്രൗൺ അഞ്ചരക്കണ്ടി എസ്റ്റേറ്റിൽ കേരളത്തിലെ ആദ്യ കറുവപ്പട്ട തോട്ടം ആരംഭിച്ചു.

1796ൽ ശ്രീലങ്കയും ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ കീഴിൽ ആയി. അതാണ് പട്ടയോടൊപ്പം നടന്ന അധിനിവേശ ചരിത്രം.

കറുവപട്ട പല ഇനങ്ങൾ ഉണ്ട്. ഏറ്റവും മുന്തിയത് സിലോൺ സിന്നമൺ. ഹൃദയ ഹാരിയായ ലോല സുഗന്ധം, ഞെക്കിയാൽ പൊടിയുന്ന തരളത, തവിട്ടു നിറം. ലോകത്തിലെ തങ്കപ്പെട്ട പട്ട.

പിന്നെ ചൈനീസ് പട്ട അഥവാ കാസ്സിയ. കടുത്ത തവിട്ടു കലർന്ന ചുവപ്പ് നിറം, കാഠിന്യം, പൊടിച്ചെടുക്കാൻ ഉള്ള പ്രയാസം, രൂക്ഷ ഗന്ധം.

അപകടകാരിയാണ് കാസ്സിയ.

ഇന്തോനേഷ്യയും ചൈനയും ആണ് പ്രമുഖ ഉൽപ്പാദകർ.

മനുഷ്യന്റെ ഒരു കിലോ ശരീര ഭാരത്തിനു 0.1മില്ലി ഗ്രാം കൗമാരിൻ മാത്രമേ ഉള്ളിൽ എത്താൻ പാടുള്ളൂ. അതിൽ കൂടിയാൽ കിഡ്‌നിയും കരളും പാടുപെടും. യൂറോപ്യൻ യൂണിയനും അമേരിക്കയും ജപ്പാനും ഒക്കെ അതിനു നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു. *ആട് എന്തെറിയുന്നു അങ്ങാടി വാണിഭം.

അടുത്തത് Cinnamomum loureeiri. സൈഗോൺ സിന്നമൺ. അതിലാണ് ഏറ്റവും കൂടുതൽ കൗമാരിൻ അടങ്ങിയിട്ടുള്ളത്. ഒരു കിലോ പട്ടയിൽ 6.97ഗ്രാം കൗമാരിൻ. (1000മില്ലിഗ്രാം ആണ് ഒരു ഗ്രാം എന്നോർക്കുക ). പക്ഷെ ഉൽപ്പാദനം കുറവാണ്.

പിന്നെ നമ്മുടെ രണ്ടു പ്രിയപ്പെട്ട ചങ്കുകൾ ഉണ്ട്. അവയുടെ ഇലകൾ ആണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. Cinnamomum tamala അഥവാ തേജ്പാത് അഥവാ Indian Bay Leaf. ബിരിയാണി യിലും തൈര് സാദത്തിലും ഒക്കെ മുറിച്ചിടുന്ന ഉണങ്ങിയ ഇലകൾ. സൂപ്പർ മാർക്കറ്റിൽ കിട്ടും.

പിന്നെ നമ്മുടെ സ്വന്തം വയന അഥവാ എടന. തെരളിയും കുമ്പിളപ്പവും ഒക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന അതീവ ഹൃദയ ഹാരിയായ സുഗന്ധം പകരുന്ന Cinnamomum malabatrum. പുളി ഒക്കെ ഉണക്കി ദീർഘ കാലത്തേക്ക് സൂക്ഷിക്കാൻ മൺ കലത്തിന്റെ അടിയിൽ ഉണങ്ങിയ വയനയിലകൾ വിരിക്കും. അതിനു മുകളിൽ ഉണങ്ങിയ പുളിയും കല്ലുപ്പും അടുക്കുകളായി നിറയ്ക്കും.എത്ര കാലം വേണമെങ്കിലും പുളി കേടു കൂടാതെ ഇരിക്കും. അവസാനം പുളി കാലിയാകുമ്പോൾ നല്ല പുളിംതേനും കിട്ടും. ഇതൊക്കെ ഇപ്പോഴത്തെ തലമുറയ്ക്കറിയാമോ?

ഏറ്റവും വില പിടിപ്പുള്ള സിലോൺ സിന്നമൺ

ശ്രീലങ്കയിൽ ഏതാണ്ട് 25000 ഹെക്ടറിലാണ് കൃഷി. വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകൾ നട്ട് രണ്ടു കൊല്ലം കഴിയുമ്പോൾ തറ നിരപ്പിൽ വച്ചു മുറിക്കും. ആ കുറ്റിയിൽ നിന്നും ഉള്ള നേരെ വളരുന്ന പരമാവധി കമ്പുകൾ നിശ്ചിത ഉയരം ആകുമ്പോൾ മുറിക്കും. മുറിച്ചാൽ അധികം വൈകാതെ തന്നെ അതിൽ നിന്നും തൊലി ഇളക്കി മാറ്റണം. ഇല്ലെങ്കിൽ ഗുണം കുറയും. ഇളക്കി മാറ്റാനും പ്രയാസം വരും. പൂർണമായും മനുഷ്യ പ്രയത്നത്തിൽ ആണ് പട്ടയുടെ സംസ്കരണം. ഇലയും തോലും നീക്കം ചെയ്ത കമ്പുകളുടെ പുറം തൊലി പ്രത്യേക തരം കത്തി കൊണ്ട് നീക്കം ചെയ്യും. അതിനു ശേഷമാണ് പട്ട ഇളക്കി എടുക്കുന്നത്. അഞ്ചാറ് മണിക്കൂറുകൾ കൊണ്ട് ഇളക്കിയ പട്ട ഒരു കുഴൽ പോലെ വളയും. അങ്ങനെ ഒന്നിനുള്ളിൽ മറ്റൊന്നായി പട്ടകൾ നിറച്ചു പ്രത്യേക ഷെഡ്ഡുകളിൽ നേരിട്ട് വെയിൽ അടിക്കാതെ ഉണക്കി (Air curing) എടുക്കും.
നീളം കൂടിയത് പ്രത്യേക ഗ്രേഡ്, കുറഞ്ഞത് വേറെ. മുറിയും പൊട്ടും പൊടിയും എല്ലാം പൊടിച്ചു സിന്നമൺ പൌഡർ ആക്കും.

പട്ടയുടെ വീതി അല്ലെങ്കിൽ വ്യാസത്തിനു അനുസരിച്ചു നാല് ഗ്രേഡുകൾ. 6mm വ്യാസം ഉള്ളത് ആൽബ, 7-12mm വ്യാസം ഉള്ളത് കോണ്ടിനെന്റൽ. 17-19mm വ്യാസം മെക്സിക്കൻ, 20-32mm വ്യാസം ഉള്ളത് ഹാംബർഗ്. അങ്ങനെ പോകുന്നു.

കറുവപ്പട്ട ഒരു സൂപ്പർ ഫുഡ്‌ ആണ്. അതീവ ശക്തിയുള്ള നിരോക്സീകാരികളുടെ ഒരു ബോംബാണ് പട്ട. ആയതിനാൽ കാൻസർ സാധ്യത കുറയ്ക്കും. ചീത്ത കൊളെസ്ട്രോൾ കുറയ്ക്കും. രക്ത ഗ്ലുക്കോസിനെ മെരുക്കും. രക്ത സമ്മർദ്ദം കുറയ്ക്കും. പാർക്കിൻസൺസ്, അൽഷിമേഴ്‌സ് ഒക്കെ വരാതെ നോക്കുന്ന ടൗ എന്ന protein തലച്ചോറിൽ ഉൽപ്പാദിപ്പിക്കും.ബാക്ടീരിയ, ഫംഗസ് എന്നിവയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കും ഇതിൽപ്പരം എന്ത് വേണം PhD ക്കാരൻ ആയ (Pressure, Heart Disease, Diabetes ) ഒരു ശരാശരി മലയാളിയ്ക്ക്.

അപ്പോൾ, അടുത്ത തവണ സൂപ്പർ മാർക്കറ്റിൽ പോകുമ്പോൾ വില കുറഞ്ഞ കാസ്സിയ വാങ്ങാതെ വില കൂടിയ സിലോൺ സിന്നമൺ വാങ്ങാൻ ഇനി പ്രത്യേകം പറയണോ?

വാൽകഷ്ണം :
ഇന്ന് വി ഐ പി കൾ മരിക്കുമ്പോൾ ചന്ദന മുട്ടി കൊണ്ട് ശരീരം ദഹിപ്പിക്കുന്നത് പോലെ റോമാസാമ്രാജ്യത്തിൽ രാജ ശരീരങ്ങൾ അടക്കം ചെയ്യുന്നത് കറുവപ്പട്ടയും ചേർത്ത് ആയിരുന്നു അത്രേ. അങ്ങനെ കുപ്രസിദ്ധനായ നീറോ ചക്രവർത്തിയുടെ ഭാര്യ പോപ്പിയെ സബീന AD 65ൽ മരിച്ചപ്പോൾ ഒരു കൊല്ലത്തേക്ക് ആ നഗരത്തിനു ഉപയോഗിക്കാൻ ഉള്ള പട്ടയുടെ കരുതൽ ശേഖരം പട്ടടയിൽ കത്തിയമർന്നു എന്ന് പറയപ്പെടുന്നു.

എന്നാൽ അങ്ങട്.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ
കൊല്ലം

English Summary: CINNAMON MUST BE CONSUMED BY HAVING A CLEAR VISION ABOUT IT

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds