ഉപയോഗ ശൂന്യമായ ജാറുകളും കുപ്പികളുമാണ് ലബോറട്ടറി മാലിന്യങ്ങളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. വന്‍തോതില്‍ ഗ്ലാസ് നിര്‍മിത വസ്തുക്കള്‍ ലാബുകളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഉപയോഗ ശേഷം ഇവ അജൈവ മാലിന്യങ്ങളായി കുമിഞ്ഞുകൂടുകയാണ് പതിവ്. ലാബുകളില്‍ ലായനികളും മറ്റും സൂക്ഷിക്കുന്ന വിവിധ ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗ ശേഷം സംസ്‌കരിക്കുന്നതിന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആര്‍ഐ). ഗ്ലാസ് ക്രഷിംഗ് യൂണിറ്റ് സ്ഥാപിച്ചിരിക്കുകയാണ് .
ഗ്ലാസ് ഉല്‍പ്പന്നങ്ങള്‍ പൊടിച്ച് തരികളാക്കി മാറ്റുന്നതാണ് ഇതിൻ്റെ പ്രവര്‍ത്തനം. ഗ്ലാസ് പൊടിച്ചു ലഭിക്കുന്ന തരികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. ഒരു ലിറ്ററിന്റെ ഗ്ലാസ് ജാര്‍ മണലാക്കി മാറ്റുന്നതിന് രണ്ട് സെക്കന്‍ഡ് മതി.ലബോറട്ടറി ജാറുകള്‍ക്ക് പുറമെ, ഉപയോഗശൂന്യമായ ട്യൂബ് ലൈറ്റുകള്‍, മറ്റ് ഗ്ലാസ് അവശിഷ്ടങ്ങള്‍ എന്നിവയും മണലാക്കി മാറ്റാനാകും. യന്ത്രം ഒരു മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആറ് യൂണിറ്റ് വൈദ്യുതി ആവശ്യമാണ്. സി എം എഫ് ആര്‍ ഐ മെയിന്റനന്‍സ് ആന്‍ഡ് എസ്‌റ്റേറ്റ് സെല്ലിലെ അനൂപ് അഗസ്റ്റിനാണ് യന്ത്രം രൂപകല്‍പന ചെയ്തത്. ഉപയോഗശൂന്യമായ ജാറുകള്‍ സംസ്‌കരണത്തിന് വിധേയമാക്കുന്നതിലൂടെ ലബോറട്ടറികള്‍ കൂടുതല്‍ പ്രകൃതി സൗഹദമാക്കാനാകും.
Share your comments