തിരുവനന്തപുരം : മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികൾ, മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം എന്നിവ സംബന്ധിച്ച കരട് നയത്തിലെ ദേശീയ ശിൽപശാല നാളെ (17-02-2023) തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ശിൽപശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന റവന്യു മന്ത്രി ശ്രീ കെ.രാജൻ, കൃഷിമന്ത്രി ശ്രീ പി പ്രസാദ്, സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സി ഇ ഒയും ചീഫ് സെക്രട്ടറിയുമായ ശ്രീ വി പി ജോയ്, ദേശീയ ദുരന്ത നിവാരണ അതോറിട്ടി ഉപദേശകൻ ശ്രീ. കുനാൽ സത്യാർത്ഥി തുടങ്ങിയവർ സംബന്ധിക്കും.
ദേശീയ ദുരന്ത നിവാരണ അതോറിട്ടിയും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും സംയുക്തമായിയാണ് ശിൽപശാല സംഘടിപ്പിച്ചിരിക്കുന്നത്. തീരദേശ-നദി ശോഷണം ലഘുകരിക്കാനുള്ള ദേശീയ നയം, ദുരന്ത ലഘൂകരണ പദ്ധതികൾ, തീരദേശ മേഖലകളിലെ പുനരധിവാസം, ലഘൂകരണ പുനരധിവാസ പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിക്കുന്ന സെഷനുകളുണ്ടായിരിക്കും. ബന്ധപ്പെട്ട സംസ്ഥാനങ്ങൾ,കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ,വകുപ്പുകൾ, സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുമായി നയരേഖയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് ശിൽപശാലയുടെ ലക്ഷ്യം.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണൊലിപ്പ് തടയാന്‍ രാമച്ചം; സാധ്യതാ പഠനം നടത്തുന്നു
15-ാം ധനകാര്യ കമ്മീഷൻ ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്ക് കീഴിൽ " മണ്ണൊലിപ്പ് തടയുന്നതിനുള്ള ലഘൂകരണ നടപടികൾ" " മണ്ണൊലിപ്പ് ബാധിച്ച് കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പുനരധിവസിപ്പിക്കൽ" എന്നിവയ്ക്കായി പ്രത്യേക ശുപാർശകൾ നൽകിയിട്ടുണ്ട്. ലഘൂകരണ നടപടികൾക്ക് അനുയോജ്യമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും കുടിയൊഴിപ്പിക്കൽ കൈകാര്യം ചെയ്യുന്നതിനുള്ള നയത്തിനായി ദേശീയ ദുരന്ത നിവാരണ അതോറിട്ടി നടപടികൾ കൈക്കോണ്ട് വരികയാണ്.
ഇതനുസരിച്ച്, തീരദേശ-നദി ശോഷണത്തെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസവും , ലഘൂകരണ നടപടികളും സംബന്ധിച്ച കരട് നയം രൂപീകരിച്ചു വിവിധ പങ്കാളികളുമായി കൂടിയാലോചനകൾ നടത്തി വരികയാണ് . കാലാവസ്ഥയും മനുഷ്യർ മൂലമുണ്ടാകുന്ന അപകടസാധ്യതകളും കുറയ്ക്കുക, ദുരിത ബാധിത സമൂഹങ്ങൾക്ക് പരിതഃസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവും പ്രതിരോധശേഷിയും പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് നയത്തിന്റെ ലക്ഷ്യം.
Share your comments