ഇന്ത്യയിലുള്ള ഒരേയൊരു ‘കോകോ ഡി മെർ’ (ഇരട്ടത്തെങ്ങ്) മരം വിത്തുകൾ ഉൽപാദിപ്പിച്ചു. കൊൽക്കത്തയിലെ ആചാര്യ ജെ.സി. ബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിലെ ശാസ്ത്രജ്ഞരാണു നേട്ടത്തിനു പിന്നിൽ.125 വർഷം പഴക്കമുള്ള മരം പരാഗണത്തിനു ശേഷം 7 വർഷമെടുത്താണു വിത്തിട്ടത്. എട്ടര കിലോഗ്രാമും പതിനെട്ടു കിലോഗ്രാമും വീതം ഭാരമുള്ള വിത്തുകളെ സംരക്ഷിക്കുന്നതിനായി രഹസ്യ സ്ഥലത്തേക്കു മാറ്റി. കൊകോ ഡി മെറിലെ പെൺമരമാണ് ഇന്ത്യയിലേത്. പരാഗണത്തിനുള്ള പൂമ്പൊടി ശ്രീലങ്കയിലെ ആൺമരത്തിൽ നിന്നു 2006ൽ കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നു 2013ൽ തായ്‌ലൻഡിൽ നിന്നുള്ള പൂമ്പൊടി ഉപയോഗിച്ച് പരാഗണം നടത്തി. ഭൂമിയിൽ ഏറ്റവും ഭാരമുള്ള വിത്തുകൾ (25 കിലോ ഗ്രാം വരെ) ഉള്ള കൊകോ ഡി മെർ ഇരട്ടത്തെങ് (ഡബിൾ കോക്കനട്ട്), ലുഡീഷ്യ എന്നീ പേരുകളിലും അറിയപ്പെടുന്നു.
ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യാനത്തിൽ വിത്തിട്ട കൊകോ ഡി മെർ മരം നിഗൂഢതകളാലും മിത്തുകളാലും ചുറ്റപ്പെട്ടതാണ്. തെങ്ങുകൾ ഉൾപ്പെട്ട ‘പാം ട്രീ’ കുടുംബാംഗമായ കൊകോ ഡി മെർ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപരാഷ്ട്രം സെയ്ഷൽസിന്റെ പ്രസ്ലിൻ, ക്യൂരിയോസ് ദ്വീപുകളിൽ മാത്രമാണ് ആദ്യകാലത്ത് വളർന്നിരുന്നത്. ലോകത്തെ ഏറ്റവും വലിയ സസ്യവിത്തായ ഇതിന്റെ തേങ്ങക്ക് 20 കിലോഗ്രാം വരെ ഭാരമുണ്ടാകും. കുറഞ്ഞത് ഇരുന്നൂറു വർഷമെങ്കിലും ഈ വൃക്ഷത്തിന് ആയുസ്സുണ്ട്. 800 വർഷം വരെ ഈ വൃക്ഷം നിലനിൽക്കുമെന്നും വാദങ്ങളുണ്ട്. 4000-ത്തോളം കടൽത്തെങ്ങുകൾ മാത്രമാണ് ഇന്ന് ഭൂമിയിലുള്ളത്. ഇവയിൽ കൂടുതലും പ്രസ്ലിൻ ദ്വീപിലെ വല്ലീ ഡെ മയ് ദേശീയോദ്യാനത്തിലാണ്. ഇതിന്റെ തേങ്ങകളുടെ കയറ്റുമതി കർശനനിയന്ത്രണത്തിന് വിധേയമാണ്. അക്രാരിത്തെങ്ങ് എന്നും പേരുണ്ട്.
Share your comments