കേരളത്തിൽ നാഫെഡ് (NAFED) മുഖേനയുള്ള കൊപ്ര സംഭരണം നവംബർ 6 വരെ നീട്ടിയതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഓഗസ്റ്റ് 1 വരെ അനുവദിച്ചിരുന്ന കാലാവധിയാണ് നീട്ടിയത്. എന്നാൽ, സംഭരണ കാലാവധി നീട്ടിയുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കത്ത് തിങ്കളാഴ്ച സംസ്ഥാന സർക്കാരിനും നാഫെഡിനും ലഭിച്ചു.
കേരളത്തിൽ സംഭരണം വൈകിയതിനാലാണ് കേന്ദ്ര സർക്കാർ അധികസമയം അനുവദിച്ചത്. നാളികേരമായി എത്തിച്ചാലും സംഭരിക്കുമെന്നും സംസ്ഥാന സർക്കാരിന്റെ സബ്സിഡി കർഷകർക്ക് ലഭിക്കുമെന്നും നാഫെഡ് അറിയിച്ചു.
കൊപ്രാ സംഭരണത്തിന്റെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കൊപ്ര സംഭരണ പദ്ധതി പ്രകാരം കേരഫെഡിനെയും മാർക്കറ്റ് ഫെഡിനെയുമാണ് സംസ്ഥാനത്ത് സംഭരണ ഏജൻസികളായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നത്.
എന്നാൽ കേരഫെഡിന് എണ്ണ ഉൽപാദനം ഉള്ളതുകൊണ്ട് തന്നെ സംഭരണത്തിൽ ഏർപ്പെടുവാൻ കഴിയില്ല എന്ന ന്യായമാണ് നാഫെഡ് അറിയിച്ചത്. ഇത് നാളികേര കർഷകരെയാകെ പ്രതിസന്ധിയിലാക്കിയിരുന്നു.
കഴിഞ്ഞ ആറ് മാസമായി പല സ്ഥലങ്ങളിലും കൊപ്രയുടെ മാർക്കറ്റ് വില താങ്ങുവിലയെക്കാൾ കുറവായിരുന്നതിനാൽ നല്ലൊരു അളവിൽ സംഭരണം നടത്തുവാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. കൊപ്ര സംഭരണം പ്രതിസന്ധിയിലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പച്ചതേങ്ങ സംഭരണം കാര്യക്ഷമമാക്കിയത് കർഷകർക്ക് ഏറെ സഹായകമായി.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംഭരണ കാലാവധി നീട്ടണമെന്ന സർക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രം ഇപ്പോൾ നവംബർ 6 വരെ കാലാവധി നീട്ടിയിരിക്കുന്നത്.
അതേ സമയം, പച്ചത്തേങ്ങയുടെ വിലയിൽ കനത്ത ഇടിവാണ് സംസ്ഥാനത്തെ കർഷകർ ഇപ്പോൾ നേരിടുന്നത്. കിലോഗ്രാമിന് 46 രൂപയിലധികം ലഭിച്ചിരുന്നത് ഇപ്പോൾ 25 രൂപയിലെത്തി. മാത്രമല്ല, കൊപ്രയുടെ വിലയും കുത്തനെ ഇടിഞ്ഞു. തേങ്ങയുടെ വിലയിടിഞ്ഞാലും ഉൽപാദന ചെലവ് കൂടുന്നത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. ഈ സാഹചര്യത്തിൽ വിലയിടിവ് അവസരമാക്കി കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരുമുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിൽ ലാഭം നേടി തരുവാൻ മികച്ച വഴി അടിതൈ വയ്ക്കൽ അഥവാ ആവർത്തന കൃഷി
തേങ്ങ സംഭരണത്തിനായി മറ്റ് കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഇടനിലക്കാർ വഴിയും വെളിച്ചെണ്ണ മില്ലുകളിലുമാണ് കർഷകർ പച്ചത്തേങ്ങ വിൽക്കുന്നത്. വിപണിയിൽ ആവശ്യം കുറഞ്ഞതോടെ ഇടനിലക്കാരിൽ ഭൂരിഭാഗവും പിൻമാറുകയും ചെയ്തു. ഇതോടെ തോട്ടങ്ങളിൽ പച്ചത്തേങ്ങ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
Share your comments