തൃശ്ശൂർ: കുടുംബശ്രീയുടെ യുവ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംഗമമായ "ഓക്സോ മീറ്റ് 2023" വരവൂർ സിഡിഎസിന്റെ നേതൃത്വത്തിൽ വരവൂർ ഹയർസെക്കന്ററി സ്കൂളിൽ നടന്നു. സാമൂഹിക, സാമ്പത്തിക, വൈജ്ഞാനിക മേഖലയിലെ യുവതികളുടെ സമഗ്ര വികസനത്തിനുതകുന്ന വേദിയായി ഓക്സിലിയറി ഗ്രൂപ്പുകളെ മാറ്റുകയാണ് മീറ്റിലൂടെ ലക്ഷ്യമിടുന്നത്.
ഓക്സിലറി അംഗങ്ങളിൽ നിന്നും തിരഞ്ഞെടുന്ന റിസോഴ്സ് പേഴ്സൺമാരാണ് ക്ലാസുകൾ നയിച്ചത്. ഹയർ സെക്കന്ററി ബ്ലോക്കിലെ സ്മാർട്ട് ക്ലാസ്സ് റൂമിൽ നടന്ന പവർ പോയിന്റ് പ്രസന്റേഷനുകൾ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ ഓക്സോ മീറ്റ് അവതരണങ്ങൾക്ക് മാറ്റ്കൂട്ടി. ക്രിസ്തുമസ് കേക്ക് മുറിച്ചും, കലാപരിപാടികൾ അവതരിപ്പിച്ചും ഓക്സോ മീറ്റ് വർണ്ണാഭമാക്കി.
തിരികെ സ്കൂൾ ക്യാംമ്പയിനിന്റെ മാതൃകയിൽ സംഘടിപ്പിച്ച ഓക്സോമീറ്റ് വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വൈസ് ചെയർപേഴ്സൺ പി.കെ ബിന്ദു അധ്യക്ഷയായി.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.കെ യശോധ, മെംബർമാരായ പി.എസ് പ്രദീപ്, വി.കെ സേതുമാധവൻ, മെംബർ സെക്രട്ടറി എം.കെ ആൽഫ്രെഡ്, സി.ഡി.എസ് മെമ്പർമാരായ ടി.എ നസീമ, ഷീബ, ഗീത, ബേബി, ബ്ലോക്ക് കോർഡിനേറ്റർ ഗ്രീഷ്മ, സ്മിത ബാബു തുടങ്ങിയവർ പങ്കെടുത്തു.
Share your comments