സംസ്ഥാനത്ത് കേന്ദ്രസർക്കാർ നാഫെഡ് വഴി നടത്തിയ കൊപ്ര സംഭരണം ഇന്നലെ അവസാനിച്ചു. 50,000 ടൺ സംഭരിക്കാനാണു കേന്ദ്രം അനുമതി നൽകിയതെങ്കിലും 8 മാസം കൊണ്ടു കേരളം ആകെ സംഭരിച്ചത് 300 ടണ്ണിൽ താഴെ മാത്രം. സംഭരണം വീണ്ടും നീട്ടില്ലെന്നാണു നാഫെഡ് നൽകുന്ന സൂചന. അടുത്ത വർഷത്തെ സംഭരണത്തിലാണ് ഇനിയുള്ള പ്രതീക്ഷ. ജനുവരിയിൽ കേന്ദ്രം കൊപ്രയ്ക്ക് പുതിയ താങ്ങുവില പ്രഖ്യാപിക്കും. എന്നാൽ കൂടുതൽ സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചില്ലെങ്കിൽ അടുത്ത വർഷവും സംഭരണത്തിന്റെ ഫലം കേരളത്തിലെ കർഷകർക്കു ലഭിക്കില്ല. ഈ വർഷം 5 സംഭരണ കേന്ദ്രങ്ങൾ മാത്രമാണ് കേരളത്തു ഉണ്ടായിരുന്നത്.
കൊപ്രയിൽ നിന്ന് ഉൽപാദനം നടത്തുന്നവർക്കു സംഭരണത്തിന് അനുമതി നൽകില്ലെന്ന നാഫെഡിന്റെ മാനദണ്ഡമാണ് കേരളത്തിന് വലിയ തിരിച്ചടിയായത്. തേങ്ങ ഉണക്കി കൊപ്രയാക്കി വിൽക്കുന്ന കർഷകർ കേരളത്തിൽ വളരെ കുറവാണ്. കർഷകർ പച്ചത്തേങ്ങ വിൽക്കുകയും കച്ചവടക്കാർ ഇത് ഉണക്കി കൊപ്രയാക്കുന്നതുമാണു ചെയ്‌തിരുന്നത്. കൊപ്രസംഭരണം നടത്തുന്ന സഹകരണ സംഘങ്ങൾ കർഷകരിൽ നിന്നു പച്ചത്തേങ്ങ സംഭരിച്ചു കൊപ്രയാക്കി സർക്കാർ ഏജൻസികൾക്കു കൈമാറുകയാണു മുൻപ് ചെയ്തിരുന്നത്. വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സഹകരണ സംഘങ്ങൾക്കു തേങ്ങ ഉണക്കി കൊപ്രയാക്കുന്ന ഡ്രയർ സ്വന്തമായി ഉള്ളതു കൊണ്ടാണ് ഇതു സാധിച്ചത്. എന്നാൽ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സംഘങ്ങൾ കൊപ്രസംഭരണം നടത്തരുതെന്ന നിബന്ധന വന്നതോടെ ഇത്തരം സംഘങ്ങളിൽ ഭൂരിഭാഗവും പുറത്തായി. സംഭരണത്തിന് സർക്കാർ നിശ്ചയിച്ച 2 നോഡൽ ഏജൻസികളിലൊന്നായ കേരഫെഡും ഇതിൽ നിന്ന് പുറത്തായി.
മിൽ കൊപ്രയ്ക്ക് കിലോഗ്രാമിന് 105.90 രൂപ നിരക്കിലാണ് നാഫെഡ് സംഭരിച്ചത്. ഫെബ്രുവരിയിൽ ആദ്യഘട്ടം സംഭരണം ആരംഭിക്കുമ്പോൾ 96 രൂപയായിരുന്നു കേരളത്തിൽ കൊപ്രയുടെ വില. 83 രൂപയാണു ശനിയാഴ്ചത്തെ വില. വിപണിവിലയെക്കാൾ 23 രൂപയോളം അധികം നൽകിയാണു സംഭരണമെങ്കിലും ആവശ്യത്തിനു കേന്ദ്രങ്ങളില്ലാത്തതിനാൽ കേന്ദ്രങ്ങളില്ലാത്തതിനാൽ കർഷകർക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല. മാർക്കറ്റ് ഫെഡിനു കീഴിലുള്ള 5 സഹകരണ സംഘങ്ങൾ വഴിയായിരുന്നു കേരളത്തിലെ സംഭരണം നടത്തിയത് . എന്നാൽ തമിഴ്നാട്ടിൽ കൃഷിവകുപ്പ് നേരിട്ടു സംഭരണത്തിനിറങ്ങിയാണ് അവിടെ പ്രതിസന്ധി മറികടന്നത്. രണ്ടു ഘട്ടങ്ങളിലായി 40,000 ടൺ കൊപ്രയാണ് തമിഴ്നാട് സംഭരിച്ചത്. തമിഴ്നാട് സബ്സിഡി ഇനത്തിൽ 80 കോടി നേടിയപ്പോൾ കേരളത്തിനു 40 ലക്ഷത്തോളം രൂപ മാത്രം നേടാൻ കഴിഞ്ഞൊള്ളു. തമിഴ്നാട്ടിൽ 27,000 കർഷകർക്കു സംഭരണത്തിന്റെ ഗുണം ലഭിച്ചപ്പോൾ കേരളത്തിൽ ഇത് 600 കർഷകരിൽ ഒതുങ്ങി.
ബന്ധപ്പെട്ട വാർത്തകൾ: യുവാക്കളില്‍ പക്ഷാഘാത രോഗ സാധ്യത കൂടുതൽ!!
Share your comments