
കർണാടകയിലെ അതിർത്തി ഗ്രാമങ്ങളിൽ.ചോളം കൃഷി വ്യാപകമാകുന്നു. ചോളം കാലിത്തീറ്റയായും കോഴിത്തീറ്റയായും വ്യാപകമായി ഉപയോഗിക്കുന്നു. 4 മാസം കൊണ്ട് വിളവെടുക്കാനാകും എന്നതും വില സ്ഥിരത ഉള്ളതും കൂടുതൽ കർഷകരെ ചോളം കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്. തരിശ് കിടക്കുന്ന സ്ഥലങ്ങളിൽ ചോളം കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്ന തദ്ദേശീയർക്കൊപ്പം വയനാട്ടിൽ നിന്ന് ഇഞ്ചി, വാഴ കൃഷിക്കായി എത്തുന്ന കർഷകരും ഇപ്പോൾ ചോളം കൃഷി ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലെ കാലിത്തീറ്റ, കോഴിത്തീറ്റ ഫാക്ടറികളിലേക്കാണ് വിളവെടുത്ത ചോളം കൊണ്ടുപോകുന്നത്.
അത്യുൽപാദന ശേഷിയുള്ള വിത്താണ് നടാൻ ഉപയോഗിക്കുക. മറ്റ് കൃഷികളെ അപേക്ഷിച്ച് ജലസേചന സൗകര്യം കുറവായ സ്ഥലങ്ങളിലും ചോളം കൃഷി ചെയ്യാൻ കഴിയും. വിത്ത് മുളച്ച് വരുന്നതിനൊപ്പം ഇടയിലെ സ്ഥലം പൂട്ടി വളത്തിനൊപ്പം മണ്ണും ചേർക്കും.
ഒരേേക്കറിൽ നിന്ന് നല്ല വിളവാണെങ്കിൽ 25 ക്വിന്റൽ വരെ ചോളം ലഭിക്കും. 700 രൂപ മുതൽ 1100 രൂപവരെയാ കർഷകർക്ക് ലഭിക്കുക. സ്ത്രീകളും കുട്ടികളും അടക്കമാണ് പാകമായ ചോളം വെട്ടി എടുക്കാൻ കൃഷി ഇടത്തിൽ എത്തുക. ട്രാക്ടറിൽ ഘടിപ്പിക്കുന്ന യന്ത്രത്തിന്റെ സഹായത്തോടെയാണ് ചോളം പൊളിച്ച് വിൽപനയ്ക്ക് ഒരുക്കുന്നത്. 50 രൂപയാണ് യന്ത്രത്തിന് വാടക. ഒരുക്കി എടുക്കുന്ന ചോളം സംഭരിക്കുന്നതിന് ഒട്ടേറെ കേന്ദ്രങ്ങൾ കർണാടക ഗ്രാമങ്ങളിലുണ്ട്.
Share your comments