കൊറോണ വൈറസ് ബാധ ചൈനയിലെ സ്വാഭാവിക റബ്ബര്‍ ആവശ്യകത കുറയാന്‍ സാധ്യതയുണ്ടെന്ന് അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബ്ബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസ്( എ എന്‍ ആര്‍ പി സി) .വൈറസ് ബാധ അനിയന്ത്രിതമായതോടെ ജനുവരി പകുതി മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനങ്ങളും നിയന്ത്രണങ്ങളും മൂലം പ്രകൃതിദത്ത റബ്ബറിന്റെ അന്തിമ ഉപയോക്താവായ ഗതാഗത മേഖല ഉള്‍പ്പെടെയുള്ള പ്രധാന സാമ്പത്തിക മേഖലകളിലുണ്ടയിട്ടുള്ളത് വന്‍ തളര്‍ച്ചയാണ്. കയ്യുറകള്‍ പോലുള്ള ശുചിത്വ ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് അധികമായത് റബ്ബര്‍ ഉപയോഗത്തിന്റെ കണക്കുകളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കാരണമാകില്ല.
2020 ല്‍ 0.5 ശതമാനം ഉയര്‍ന്ന് ചൈനയിലെ പ്രകൃതിദത്ത റബ്ബറിന്റെ ഉപഭോഗം 5.5 മില്യണ്‍ ടണ്ണാകുമെന്നായിരുന്നു. ആഗോള റബ്ബര്‍ ആവശ്യത്തിന്റെ 40% ചൈനയില്‍ നിന്നായിരുന്നു ഇതുവരെ. ഇന്ത്യയിലെ റബ്ബര്‍ ഉപഭോഗം 2020 ല്‍ 14.4 ശതമാനം ഉയര്‍ന്ന് 1.3 മില്യണ്‍ ടണ്ണാകുമെന്ന കണക്ക് പുറത്തുവന്നിരുന്നു. ഇതിനിടെ ചൈനയിലെ സ്വാഭാവിക റബ്ബര്‍ ആവശ്യകത കുറയുമെന്ന നിരീക്ഷണത്തില്‍ ഏറ്റവും കനത്ത ആശങ്ക പടരുക കേരളത്തിലാകും. 2019 ല്‍ ഇന്ത്യയിലെ റബ്ബര്‍ ഉപഭോഗത്തില്‍ 6.9 ശതമാനം ഇടിവുണ്ടായത് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ആഘാതം സൃഷ്ടിച്ചിരുന്നു. രാജ്യത്തെ വാഹന വ്യവസായം ഈ വര്‍ഷം ഉണര്‍വ് വീണ്ടെടുക്കുമെന്ന നിരീക്ഷണം റബര്‍ കര്‍ഷകരിലുണര്‍ത്തിയ പ്രതീക്ഷകള്‍ക്കാണ് കൊറാണാ വൈറസ് തിരിച്ചടിയേകുന്നത്.
2019 ല്‍ റബ്ബറിന്റെ ലോക ഉപഭോഗം 1% താഴ്ന്ന് 13.7 ദശലക്ഷം ടണ്‍ ആയിരുന്നു. 2020 ല്‍ 14.07 ദശലക്ഷം ടണ്ണായി ഉയരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ശരാശരി ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ 2019 ല്‍ ആഗോള വിതരണം 0.7% കുറവോടെ 13.76 ദശലക്ഷം ടണ്‍ ആയിരുന്നു.റബര്‍ കൃഷി ചെയ്യുന്ന രാജ്യങ്ങളിലെ മൊത്തം തോട്ടങ്ങളുടെ വിസ്തീര്‍ണ്ണം 2019 ല്‍ 351000 ഹെക്ടര്‍ വര്‍ദ്ധിച്ച് 9.5 ദശലക്ഷം ഹെക്ടര്‍ ആയി ഉയര്‍ന്നുവെങ്കിലും, ശരാശരി വിളവ് ഹെക്ടറിന് 110 കിലോഗ്രാം കുറഞ്ഞു. പ്രതികൂല കാലാവസ്ഥയ്ക്കു പുറമേ ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ,ശ്രീലങ്ക എന്നിവിടങ്ങളില്‍ പുതിയ ഫംഗസ് ഇല രോഗം പടര്‍ന്നതാണ് വിനയായത്. .
പ്രധാന കയറ്റുമതി രാജ്യങ്ങളായ തായ്ലന്‍ഡ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നുള്ള കയറ്റുമതി 2019 നെ അപേക്ഷിച്ച് 2020 ല്‍ 445000 ടണ്‍ ഉയരുമെന്ന കണക്കാണ് ഇതുവരെയുള്ളത്.ചൈനയിലെ സ്വാഭാവിക റബ്ബര്‍ ആവശ്യകത കുറയുന്നപക്ഷം ആഗോളതലത്തില്‍ വില കുറയുമെന്നു തീര്‍ച്ച.കേരളത്തിലെ റബര്‍ കര്‍ഷകരുടെ പ്രതീക്ഷകളിലേക്കും വൈറസ് പടരാതിരിക്കാന്‍ റബര്‍ ബോര്‍ഡും കേന്ദ്ര സര്‍ക്കാരും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിവരും.
Share your comments