രാജ്യത്ത് ആദ്യമായി യാത്രക്കാർക്ക് പകരം പഴങ്ങളുമായി മാത്രം ഒരു ട്രെയിൻ ഓടി തുടങ്ങി.ആന്ധ്രയിലെ അനന്തപുർ ജില്ലയിലെ തടിപത്രി റെയിൽവേ സ്റ്റേഷനിൽ നിന്നാണ്'പഴങ്ങളുടെ ട്രെയിൻ 'യാത്ര ആരംഭിച്ചത്. പ്രാദേശികമായി കൃഷിചെയ്യുന്ന 980 മെട്രിക് ടൺ വാഴപ്പഴം മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്തേക്കാണ് കൊണ്ട് പോകുന്നത്.അവിടെ നിന്ന് ചരക്ക് ഇറാനിലേക്ക് കയറ്റുമതി ചെയ്യും. ഇന്ത്യയിൽ ആദ്യമായാണ് ഒരു ട്രെയിൻ മുഴുവൻ പഴങ്ങളുമായി ഗേറ്റ്‌വേ തുറമുഖത്തേക്ക് കയറ്റുമതിക്കായി അയയ്ക്കുന്നത്. താപനില നിയന്ത്രിത കണ്ടെയ്നറുകൾ കപ്പലുകളിൽ കയറ്റുന്നതിന് മുമ്പ്, 900 കിലോമീറ്റർ അകലെയുള്ള ജെഎൻപിടിയിലേക്ക് 150 ട്രക്കുകളാണ് റോഡ് മാർഗം അയയ്‌ക്കേണ്ടിവരുന്നത്. എന്നാൽ ട്രെയിൻ വഴി പഴങ്ങൾ കൊണ്ടുപോകുന്നത് സമയവും ഇന്ധനവും ലാഭിക്കാൻ സഹായിക്കുന്നു.
അനന്തപുർ, കടപ്പ ജില്ലകളിൽ നിന്ന് 10,000 മെട്രിക് ടൺ പഴങ്ങൾ തടിപാത്രി വഴി അയച്ചുകൊടുക്കാൻ കഴിയുമെന്ന് ഹോർട്ടികൾച്ചർ കമ്മീഷണർ പറഞ്ഞു. ആന്ധ്രാപ്രദേശിൽ നിന്ന് 30,000 മെട്രിക് ടൺ പഴങ്ങൾ കയറ്റുമതി ചെയ്യാൻ സർക്കാർ ലക്ഷ്യമിട്ടിരുന്നു. പ്രാദേശിക കർഷകരുമായി സഹകരിച്ച് ഉൽപാദനക്ഷമത, ഉൽപന്നത്തിൻ്റെ ഗുണനിലവാരം, വിളവെടുപ്പിനു ശേഷമുള്ള സംസ്കരണം, പായ്ക്കിംഗ് എന്നിവ വർദ്ധിപ്പിക്കാനും, വിപണിയുമായി ബന്ധിപ്പിക്കാനും, വർഷം തോറും വരുമാനത്തിൽ സ്ഥിര വർദ്ധനവുണ്ടാക്കി ഉയർന്ന വില ഉറപ്പാക്കാനുമായി .ആറ് പ്രധാന കോർപ്പറേറ്റ് കമ്പനികളെ സർക്കാർ നിയോഗിച്ചിരുന്നു.‘ഹാപ്പി ബനാനാസ്’ എന്ന ബ്രാൻഡ് നാമത്തിലാണ് വാഴപ്പഴം കയറ്റുമതി ചെയ്യുന്നത്. അനന്തപൂരിലെ പുട്‌ലൂർ മേഖല, കടപ്പ ജില്ലയിലെ പുലിവേന്ദുല എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ നിരവധി അന്താരാഷ്ട്ര വിപണികളിലേക്ക് ‘ഗ്രീൻ കാവെൻഡിഷ്’ വാഴപ്പഴം കയറ്റുമതി ചെയ്യുന്നു.
Share your comments