ആശാപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് 19 സ്പെഷ്യല് ഇന്സെന്റീവ് വിതരണം ചെയ്തു. കോവിഡ് കേരളത്തില് റിപ്പോര്ട്ട് റിപ്പോര്ട്ട് ചെയ്തതിനു ശേഷം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആശാപ്രവര്ത്തകര്ക്ക് ആശ്വാസമാണ് സര്ക്കാര് പ്രഖ്യാപിച്ച ഇന്സെന്റീവ്. കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായി ആശമാര്ക്ക് മുന്കാല പ്രാബല്യത്തോടെ ഫെബ്രുവരി മുതല് ആയിരം രൂപ വീതമാണ് സ്പെഷ്യല് ഇന്സെന്റീവായി നല്‍കുന്നത്. ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ കോവിഡ് സ്പെഷ്യല് ഇന്‍സെന്‍റീവ് ഇപ്പോള്‍ വിതരണം ചെയ്തു.
വിദേശത്ത് നിന്ന് ഇക്കാലയളവില്‍ വിദേശത്തു നിന്നു വന്നവരുടെയും കൊവിഡ് രോഗബാധിത സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കുകയും അത് മേലാധികാരികളെ അറിയിക്കുക, ഇത്തരത്തില്‍ എത്തിയിട്ടുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ടോ എന്ന് ഫോണിലൂടെയോ നേരിട്ടോ അന്വേഷിക്കുകയും നിബന്ധനകള്‍ പാലിക്കാത്തവരെ ബോധവത്കരിക്കുകയും ചെയ്യുക, നിരീക്ഷണത്തിലുള്ളവര്‍ക്ക് എതെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരുടെ സഹകരണത്തോടെയും സഹായത്തോടെയും സഹായിക്കുക, ഡയാലിസിസ് ചെയ്യുന്നവര്‍, കിഡ്നി സംബന്ധമായ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ എന്നിവരെ പ്രത്യേകം ബോധവത്കരിക്കുകയും ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളാണ് ആശ പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധപ്രവര്ത്തനങ്ങളുടെ ഭാഗമായി നടത്തികൊണ്ടിരിക്കുന്നത്.
ആശപ്രവര്‍ത്തകരുടെ ഇന്‍സെന്‍റീവും ഹോണറേറിയവും കാലാനുസൃതമായ മാറ്റങ്ങളോടെ ആശ സോഫ്റ്റ്വെയര്‍ വഴി അതാത് ആശ പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്കാണ് നല്‍കുന്നത്. 2020 എപ്രില്‍ മാസം മുതല്‍ ആശ പ്രവര്‍ത്തകരുടെ പ്രതിമാസ ഹോണറേറിയം 5000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വാര്‍ഡ് ആരോഗ്യറിപ്പോര്‍ട്ട് തയ്യാറാക്കുക, വാര്‍ഡ് അവലോകനയോഗം നടത്തുക, ഇമ്മ്യൂണൈസേഷന്‍, പാലിയേറ്റീവ് ഹോം കെയര്‍, ക്ലാസുകള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് ഹോണറേറിയം നല്‍കുന്നത്. പ്രവര്‍ത്തനങ്ങളെ വിലയിരുത്തി 2000 രൂപ നിശ്ചിത ഇന്‍സെന്‍റീവും നല്‍കുന്നുണ്ട്. നിലവില്‍ 2375 ആശമാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരില്‍ 19 പേര്‍ ഊര് ആശമാര്‍ ആണ്.
Share your comments