എറണാകുളം: രാഷ്ട്രീയ ക്രിഷി വികാസ് യോജന (ആര്‍.കെ.വി.വൈ) പദ്ധതി പ്രകാരം 2 കോടി 20 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു. വന്യമൃഗങ്ങളുടെ ശല്യം കാരണം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കൃഷിക്ക് നാശ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിലാണ് തുക അനുവദിച്ചത്. പദ്ധതിയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ്, സോളാര്‍ ഇലക്ട്രിക് ഫെന്‍സിംഗ് എന്നിവ സ്ഥാപിക്കും.
അങ്കമാലി മണ്ഡലത്തിലെ അയ്യമ്പുഴ, കറുകുറ്റി, മലയാറ്റൂര്‍ കോതമംഗലാത്തെ കവളങ്ങാട്, പിണ്ടിമന, കോട്ടപ്പടി പെരുമ്പാവൂരിലെ വേങ്ങൂര്‍, കൂവപ്പടി പഞ്ചായത്തുകളിലെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളിലാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ ഫെന്‍സിങ്ങുകള്‍ സ്ഥാപിക്കുക. മണ്ഡലം തലത്തില്‍ സ്ഥലത്തിന്റെ മുന്‍ഗണന കണ്ടെത്തി എസ്റ്റിമേറ്റ് തയ്യാറാക്കാനായി അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കണ്‍വീനറുമായ ജില്ലാതല ഭരണനിര്‍വ്വഹണ സമിതിക്കാണ് മുഖ്യ ചുമതല. ജില്ലാ ഫോറസ്റ്റ് ഓഫിസര്‍, എക്‌സികുട്ടീവ് എഞ്ചിനിയര്‍ - അഗ്രികള്‍ച്ചറല്‍, കളക്ടറുടെ പ്രതിനിതി എന്നിവര്‍ കൂടി അടങ്ങുന്ന സമിതിക്കാണ് മേല്‍നോട്ട ചുമതല.
പദ്ധതിയുമായി ബന്ധപ്പെട്ട് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ മാരായ റോജി എം. ജോണ്‍, എല്‍ദോസ് കുന്നപ്പിളളി, ആന്റണി ജോണ്‍, ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് , പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ബിന്‍സി, ഡെപ്യൂട്ടി ഡയറക്ടര്‍ സഞ്ചു സൂസന്‍ മാത്യു, മലയാറ്റൂര്‍, കോതമംഗലം, മൂന്നാര്‍ ഡി എഫ് ഒമാര്‍, റേഞ്ച് ഓഫീസര്‍മാര്‍ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Share your comments