തിരുവനന്തപുരം: മരച്ചീനിയിൽ നിന്ന് ആരോഗ്യകരമായ നൂഡിൽസ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിനായി മലപ്പുറം കൂളങ്ങാടിയിലുള്ള കുടുംബശ്രീ മിഷൻ്റെ എം/എസ് വൈറ്റ് പൗഡർ എംഇ യൂണിറ്റുമായി തിരുവനന്തപുരത്തെ ഐസിഎആർ-സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കരാറിൽ ഒപ്പുവച്ചു.
നൂഡിൽസ് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് ഐസിഎആർ-സിടിസിആർഐ കുടുംബശ്രീ യൂണിറ്റിന് ഒരു വർഷത്തേക്ക് കൈത്താങ്ങ് സഹായം നൽകും. ഈ മരച്ചീനി നൂഡിൽസ് ഗ്ലൂറ്റൻ രഹിതവും ഉയർന്ന പ്രോട്ടീനും ഡയറ്ററി ഫൈബറും കൊണ്ട് സമ്പുഷ്ടവുമാണ്. പ്രിൻസിപ്പൽ സയൻ്റിസ്റ്റും തലവനുമായ (റിട്ട) ഡോ. ജി. പത്മജയുടെയും, പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. എം.എസ്. സജീവിന്റെയും നേതൃത്വത്തിലുള്ള ഐസിഎആർ-സിടിസിആർഐ ടീമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്.
പരമ്പരാഗത ഭക്ഷണങ്ങളേക്കാൾ കൂടുതൽ ജങ്ക് ഫുഡുകൾ കഴിക്കാൻ ചായ്‌വുള്ള കുട്ടികളുടെ മാറുന്ന ഭക്ഷണ ശീലങ്ങൾക്ക് അനുയോജ്യമായ "ആരോഗ്യകരമായ ബദൽ" എന്ന നിലയിലാണ് ഈ ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ജങ്ക് ഫുഡുകൾക്ക് പകരം ആരോഗ്യകരമായ ബദലുകൾ വികസിപ്പിക്കാനും ജനകീയമാക്കാനും ലക്ഷ്യമിട്ടുള്ള ഐസിഎആർ-സിടിസിആർഐയുടെ "ആരോഗ്യത്തോടെ ഭക്ഷിക്കുക, ആരോഗ്യത്തോടെ ജീവിക്കുക" പദ്ധതിയുടെ ഭാഗമാണ് ഈ ലൈസൻസിംഗ് എന്ന് സിടിസിആർഐ ഡയറക്ടർ ജി. ബൈജു പറഞ്ഞു.
സിടിസിആർഐയിൽ നടന്ന ചടങ്ങിൽ ജി.ബൈജുവും വൈറ്റ് പൗഡർ എംഇ പ്രസിഡൻറ് സുഹറ കെ.എമ്മും ധാരണാപത്രം കൈമാറി.
Share your comments