തിരുവനന്തപുരം: കൃഷിക്കൂട്ടങ്ങളായി തരിശുഭൂമികളിൽ കൃഷിയിറക്കണമെന്നും പറമ്പ് കൃഷിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തണമെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആരോഗ്യം മുന്നിൽ കണ്ട് വരും തലമുറയ്ക്കായി എല്ലാവരും കൃഷിയിലേക്കിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കൃഷിദർശൻ പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുരുമുളകിൻറെ 11 രോഗങ്ങളും , നിയന്ത്രണ രീതികളും
കൃഷിയുമായി ബന്ധപ്പെട്ട അഞ്ഞൂറ് പേരുടെ വിജയഗാഥ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്നങ്ങളുടെ ആകർഷകമായ പാക്കിങ്, വിപണനത്തിന്റെ പ്രധാന ഘടകമാണെന്നും പാക്കിങിന് പരിശീലനം നൽകുന്നത് കൃഷി വകുപ്പിന്റെ പദ്ധതിയിലുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: തരിശുഭൂമികളില്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്നതിന് ധനസഹായം നല്‍കുന്നു
അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്, മൂല്യ വർദ്ധിത കാർഷിക ഉത്പന്നങ്ങൾ എന്നീ വിഷയങ്ങൾ വിദഗ്ധർ വിശദീകരിച്ചു. കൃഷിദർശൻ പരിപാടി ജനുവരി 28 വരെ തുടരും. കൃഷിവകുപ്പ് മന്ത്രിയും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയും കർഷകരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കാണുന്നതാണ് പരിപാടി. ഇതിനോടനുബന്ധിച്ച് കാർഷിക പ്രദർശന വിപണന സ്റ്റാളുകൾ കല്ലിങ്കൽ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
ടൗൺഹാളിൽ നടന്ന യോഗത്തിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ, കൃഷിവകുപ്പ് ഡയറക്ടർ സുഭാഷ്, അഡീഷണൽ സെക്രട്ടറി സബീർ ഹുസൈൻ, മറ്റ് ഉദ്യോഗസ്ഥർ, സഹകരണ സംഘങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments