
1. ക്ഷീരവികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വർഷത്തിലെ വിവിധ പദ്ധതികൾ നടപ്പിലാക്കാൻ താൽപര്യമുള്ളവരിൽ നിന്ന് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചു. ഇന്നു മുതൽ 20-ാം തീയതി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പുൽകൃഷി വികസനം, മിൽക്ക് ഷെഡ് വികസനം, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയ പദ്ധതികളിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ അവസരം. 20 സെന്റിന് മുകളിലേക്കുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി എന്നിവയും, പുൽകൃഷിക്ക് വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവൽക്കരണവും യന്ത്രവൽക്കരണവും, കയർ മത്സ്യബന്ധന മേഖലകൾക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, 20 പശു യൂണിറ്റ്, 10 പശു യൂണിറ്റ്, 5 പശു യൂണിറ്റ്, 2 പശു യൂണിറ്റ്, ഒരു പശു യൂണിറ്റ് എന്നീ പശു യൂണിറ്റ് പദ്ധതികൾ, കൂടാതെ യുവജനങ്ങൾക്കായി പത്തു പശു അടങ്ങുന്ന സ്മാർട്ട് ഡയറി ഫാം പദ്ധതി, മിൽക്കിങ് മെഷീൻ വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിർമാണ ധനസഹായം എന്നിവ ഉൾപ്പെടുന്ന മിൽക്ക് ഷെഡ് വികസന പദ്ധതികൾക്കും ഡയറി ഫാമിന്റെ ഹൈജീൻ മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികൾക്കും ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
2. പിന്നോക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയ്യതി നീട്ടി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നത് ജൂലൈ 11 വരെയാണ് നീട്ടിയിരിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗതമായി മൺപാത്ര നിർമാണ തൊഴിൽ ചെയ്തുവരുന്ന സമുദായങ്ങൾക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തിൽപെട്ട പരമ്പരാഗത കരകൗശല വദഗ്ധർക്ക് പണിയായുധങ്ങൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികളിലേക്കാണ് അപേക്ഷിക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി www.bwin.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0495 2377786 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.
3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരും. ഇതിന്റെയടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളി, ശനി ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
Share your comments