1. പാൽ ഉൽപാദന രംഗത്ത് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. ഇളംദേശം ബ്ലോക്ക് ക്ഷീരകർഷക സംഗമവും കുടയത്തൂർ ക്ഷീരസംഘത്തിന്റെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു. അടുത്ത ഒരു വർഷത്തിനുള്ളിൽ പാൽ ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്നും കാലിത്തീറ്റ - കോഴിത്തീറ്റ വിപണനത്തിന് മാറ്റമുണ്ടാക്കുന്ന പുതിയനിയമം നിയമസഭ പാസാക്കിയതായും മന്ത്രി അറിയിച്ചു. കുടയത്തൂർ ക്ഷീരസംഘം ഹൈജീനിക്ക് മിൽക്ക് കളക്ഷൻ മുറിയുടെ ഉദ്ഘാടനവും, മിൽമ ബി.എം.സിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചർമമുഴ രോഗം ബാധിച്ച് പശുക്കൾ മരണപ്പെട്ട 10 ക്ഷീരകർഷകർക്കുള്ള നഷ്ടപരിഹാര തുക മന്ത്രി വിതരണം ചെയ്തു. ഒപ്പം, ക്ഷീരമേഖലയിൽ മികച്ച പ്രവർത്തനം നടത്തി ദേശീയപുരസ്കാരം നേടിയവരെയും യോഗത്തിൽ മന്ത്രി ആദരിച്ചു.
2. എറണാകുളം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ രണ്ടാമത് ഫാര്‍മര്‍ പ്രൊഡ്യൂസിങ് കമ്പനി ഒരുങ്ങുന്നു. ആലങ്ങാട്, നെടുമ്പാശേരി ബ്ലോക്ക് പഞ്ചായത്തുകളെ കേന്ദ്രീകരിച്ചാണ് എഫ്.പി.സി വരുന്നത്. എഫ്.പി.സിയുടെ ആദ്യഘട്ടമായി നെടുമ്പാശേരിക്കും ആലുവയ്ക്കും കൂടി ഒരു ഫാര്‍മര്‍ പ്രൊഡ്യൂസിംഗ് ഓര്‍ഗനൈസേഷന്‍ രൂപീകരിച്ചു. നെടുമ്പാശ്ശേരി, ആലങ്ങാട് ബ്ലോക്കുകളിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിന് കീഴില്‍ ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന കര്‍ഷകര്‍ക്കും, എയിംസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കൃഷി കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കും എഫ്.പി.ഒയില്‍ അംഗമാകാം. ജില്ലയില്‍ 10 എഫ്.പി.ഒ കള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉല്‍പാദനം, സേവനം, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നീ മൂന്ന് മേഖലകളിലാണ് പ്രധാനമായും കൃഷിക്കൂട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
3. കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ നവംബര്‍ 9,10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ സൗജന്യപരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഫോൺ: 9447525485, 9495925485.
4. വിലക്കുറവിൽ ആട്ട പുറത്തിറക്കി കേന്ദ്രസർക്കാർ. ഭാരത് ആട്ട എന്ന പേരിൽ 27 രൂപ 50 പൈസ സബ്സിഡി നിരക്കിലാണ് ആട്ട ലഭ്യമാകുക. ഇതിന്റെ ഭാഗമായി ഡൽഹിയിലെ കർത്തവ്യപഥിൽ സംഘടിപ്പിച്ച പരിപാടിയിൽ സഞ്ചരിക്കുന്ന 100 ആട്ട വിൽപന ശാലകൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ 70 രൂപ വരെ വില വരുന്ന ആട്ട ദീപാവലി ദിനത്തിൽ ജനങ്ങൾക്ക് ആശ്വാസമാകുമെന്നാണ് സർക്കാർ പ്രതീക്ഷ. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയുടെ 800 ഔട്ട്ലെറ്റുകൾ വഴിയും, 2,000 ചില്ലറ വിൽപന ശാലകൾ വഴിയുമാണ് ഭാരത് ആട്ട വിൽപന ചെയ്യുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ഭാരത് ആട്ടയ്ക്കായി രണ്ടര ലക്ഷം ടൺ ഗോതമ്പ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
Share your comments