
1. "ഫലവർഗവിളകളിലെ കായിക പ്രവർദ്ധനം" (ബഡിങ്, ലയെറിങ്, ഗ്രാഫ്റ്റിംഗ്) എന്ന വിഷയത്തിൽ 14-ാം തീയതി വെള്ളായണി കാർഷിക കോളേജിലെ CAITT (Centre for Agricultural Innovations and Technology Transfer) ൽ, വച്ച് ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 88915 40778 എന്ന ഫോൺ നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയുള്ള സമയങ്ങളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/-. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമായിരിക്കും പ്രവേശനം ലഭിക്കുക.
2. ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലൈ 19 മുതൽ 31 വരെ ക്ഷീരോത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 135 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ പകർപ്പ് ഹാജരാക്കേണ്ടതാണ്. താത്പര്യമുള്ളവർ ജൂലൈ 18-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേനയോ, നോരിട്ടോ ബുക്ക് ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471-2440911, വിലാസം: ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ, തിരുവനന്തപുരം - 695004, ഇമെയിൽ: [email protected].
3. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായാണ് ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദകാലാവസ്ഥാവകുപ്പിന്റെ പ്രവചനം.
Share your comments