സമുദ്രമത്സ്യലഭ്യതയുടെ വിവരശേഖരണത്തിന് ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) സാങ്കേതികസഹായം. മത്സ്യലഭ്യതയുടെ കണക്കെടുക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി സിഎംഎഫ്ആർഐ വികസിപ്പിച്ച സോഫ്റ്റ്‌വെയർ അധിഷ്ടിത സാംപ്ലിംഗ് രീതി ഉപയോഗിച്ചുള്ള വിവരശേഖരണത്തിന് ദ്വീപ് ഭരണകൂടം തുടക്കമിട്ടു. ഇലകട്രോണിക് ടാബ്ലെറ്റുകൾ ഉപയോഗിച്ചാണ് ഓൺലൈനായാണ് വിവരശേഖരണം.
ദ്വീപ് ഭരണകൂടവുമായി ധാരണാപത്രം ഒപ്പുവെച്ചതിനെ തുടർന്ന് സിഎംഎഫ്ആർഐയുടെ പരിശീലനം ലഭിച്ച ശേഷമാണ് ദ്വീപിലെ ഫിഷറീസ് വകുപ്പ് ഓൺലൈൻ വിവരശേഖരണത്തിന് തുടക്കമിട്ടത്. മത്സ്യലഭ്യതയുടെ തുടർവിശകലനങ്ങളോടു കൂടിയ വിവരശേഖരണം ആദ്യമായാണ് ആൻഡമാൻ ദ്വീപുകളിൽ നടപ്പിലാക്കുന്നത്. ദ്വീപിലെ സമുദ്രമത്സ്യ പരിപാലനത്തിനും മറ്റ് നയരൂപീകരണങ്ങൾക്കും ഇത് മുതൽക്കൂട്ടാകും.
പദ്ധതി ആൻഡമാൻ നിക്കോബാർ ഫിഷറീസ് വകുപ്പ് സെക്രട്ടറി ജി സുധാകർ ഐഎഎസ് ഉദ്ഘാടനം ചെയ്തു. ദ്വീപുകളിലെ മത്സ്യമേഖലയുടെ വികസനപ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമാകുന്നതാണ് സിഎംഎഫ്ആർഐയുടെ സഹകരണത്തോടെയുള്ള വിവരശേഖരമെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപുകളുടെ പുരോഗതിക്കായി ആഴക്കടൽ മത്സ്യബന്ധനം, കടലിലെ കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി എന്നിവയുടെ വികസനത്തിന് സിഎംഎഫ്ആർഐയുടെ പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷട്രസഭയ്ക്ക കീഴിലുള്ള ലോകഭക്ഷ്യ കാർഷിക സംഘടനയുടെ (എഫ് എ ഒ) അംഗീകാരമുള്ളതാണ് സിഎംഫ്ആർഐയുടെ സാംപ്ലിംഗ് രീതി. ഇന്ത്യയുടെ എല്ലാ ലാൻഡിംഗ് സെന്ററുകളിൽ നിന്നും സിഎംഎഫ്ആർഐ കണക്കെടുപ്പ് നടത്തുന്നുണ്ട്. സിഎംഎഫ്ആർഐ ശേഖരിക്കുന്ന ഡേറ്റ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനും സിഎംഎഫ്ആർഐയുമായി ധാരണാപത്രം ഒപ്പുവെച്ച സംസ്ഥാനങ്ങളുമായും കൈമാറുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി സിഎംഎഫ്ആർഐ ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
സമുദ്ര അലങ്കാരമത്സ്യ വിപണി, കടൽപായൽ, കൂടുകൃഷി എന്നിവയ്ക്ക് വളരെയേറെ സാധ്യതകളുള്ളതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ഫിഷറീസ് ഡയറക്ടർ ഹർമീന്ദർ സിംഗ്, ജോയിന്റ് ഡയറക്ടർ ഡോ കെ ഗോപാൽ, സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ ജെ ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
Share your comments