കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വസിക്കാം. ജൂലായ് 1 മുതല്‍ ക്ഷാമബത്ത (ഡിയര്‍നെസ് അലവന്‍സ് - ഡിഎ) പുനഃസ്ഥാപിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ അറിയിച്ചു കഴിഞ്ഞു.
ജൂലായ് 1 മുതല്‍ മൂന്നു തവണകളിലായി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത ലഭിക്കും. പുതുക്കിയ നിരക്ക് അടിസ്ഥാനപ്പെടുത്തി മുടങ്ങിപ്പോയ ക്ഷാമബത്ത ജൂലായ് 1 മുതല്‍ നല്‍കിത്തുടങ്ങുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയിലും അറിയിച്ചിട്ടുണ്ട്.
നേരത്തെ, കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് കേന്ദ്രം ക്ഷാമബത്ത പിടിച്ചുവെച്ചത്. 2020 ജനുവരി 1, 2020 ജൂലായ് 1, 2021 ജനുവരി 1 എന്നീ തീയതികളില്‍ നല്‍കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ജൂലായ് 1 മുതല്‍ ലഭിച്ചു തുടങ്ങുക.
നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വരിക്കാര്‍ക്കും 17 ശതമാനമാണ് ക്ഷാമബത്ത. എന്നാല്‍ ജൂലായ് 1 മുതല്‍ പുതിയ ക്ഷാമബത്ത നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 2020 ജനുവരിയിലെ 3 ശതമാനം വര്‍ധനവും 2020 ജൂലായിലെ 4 ശതമാനം വര്‍ധനവും 2021 ജനുവരിയിലെ 4 ശതമാനം വര്‍ധനവും ഉള്‍പ്പെടെ 28 ശതമാനമായിരിക്കും 2021 ജൂലായ് മുതല്‍ ക്ഷാമബത്ത ഒരുങ്ങുക.
ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കാര്യമായി വര്‍ധിക്കുമെന്ന് സൂചനയുണ്ട്. മുടങ്ങിക്കിടന്ന ക്ഷാമബത്ത പുനഃസ്ഥാപിക്കുമ്പോള്‍ 65 ലക്ഷം പെന്‍ഷന്‍ വരിക്കാര്‍ക്കും 52 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഗുണം ലഭിക്കും. ക്ഷാമബത്ത പുനഃസ്ഥാപിച്ചാല്‍ ജൂലായ് 1 മുതല്‍ പെന്‍ഷന്‍ വരിക്കാരുടെ പെന്‍ഷനും ആനുപാതികമായി വര്‍ധിക്കും.
നിലവില്‍ അടിസ്ഥാന ശമ്പളം, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ്, മെഡിക്കല്‍ അലവന്‍സ്, ക്ഷാമബത്ത എന്നിവയെല്ലാം സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം ശമ്പളത്തില്‍ ഉള്‍പ്പെടുന്നുണ്ട്. ക്ഷാമബത്ത 17 ശതമാനത്തില്‍ നിന്നും 28 ശതമാനമായി ഉയര്‍ന്നാല്‍, 18000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന്റെ ഡിഎ 3,060 രൂപയില്‍ നിന്നും ഒറ്റയടിക്ക് 5,040 രൂപയായി കൂടും. ക്ഷാമബത്ത വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി സമര്‍പ്പണങ്ങളും ആനുപാതികമായി വര്‍ധിക്കും.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും അടിസ്ഥാനപ്പെടുത്തിയാണ് പ്രോവിഡന്റ് ഫണ്ട് സമര്‍പ്പണം നിശ്ചയിക്കുന്നത്.
Share your comments