<
  1. News

കാർഷിക പുരോഗതിയ്ക്ക് സമർപ്പണവും ഒത്തൊരുമയും പ്രധാനം: വ്യവസായമന്ത്രി..കൂടുതൽ കൃഷി വാർത്തകൾ അറിയാം

കാർഷിക മേഖലയുടെ പുരോഗതിയ്ക്ക് സമർപ്പണവും ഒത്തൊരുമയോടെയുള്ള പ്രവർത്തനവും പ്രധാനമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Darsana J
കാർഷിക പുരോഗതിയ്ക്ക് സമർപ്പണവും ഒത്തൊരുമയും പ്രധാനം: വ്യവസായമന്ത്രി..കൂടുതൽ കൃഷി വാർത്തകൾ അറിയാം
കാർഷിക പുരോഗതിയ്ക്ക് സമർപ്പണവും ഒത്തൊരുമയും പ്രധാനം: വ്യവസായമന്ത്രി..കൂടുതൽ കൃഷി വാർത്തകൾ അറിയാം

1. സർക്കാർ ജാമ്യത്തിൽ കർഷകന് വായ്പ നൽകാൻ ബാങ്ക് കൂട്ടായ്മ വരുന്നു. നെല്ലിന്റെ വില കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ടു കൈമാറുകയാണ് ലക്ഷ്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവർ ചേർന്നാണ് കൂട്ടായ്മ രൂപീകരിക്കുന്നത്. വായ്പകൾക്ക് 6.1 ശതമാനം പലിശ ഈടാക്കും. മുമ്പ് സപ്ലൈകോയുടെ ജാമ്യത്തിലാണ് കർഷകന് വായ്പ നൽകിയിരുന്നത്. എന്നാൽ പണം കൈമാറാൻ കാലതാമസം നേരിട്ടത് സംഭരണത്തെ ബാധിച്ചതോടെയാണ് കൂട്ടായ്മ രൂപീകരണം എന്ന ആശയം മുന്നോട്ട് വന്നത്. അതേസമയം നെല്ലുസംഭരണം നടത്താൻ 33 പാഡി പ്രൊക്യൂർമെന്റ് അസിസ്റ്റന്റുമാരെ നിയമിച്ചു. ഇതുവരെ 79,125 കർഷകർ നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയിലെ പ്രശ്നങ്ങൾ കൃഷി ചെയ്യാത്തവരെയും സാരമായി ബാധിക്കും: കൃഷിമന്ത്രി..കൂടുതൽ കാർഷിക വാർത്തകൾ അറിയാം​

2. കാർഷിക മേഖലയുടെ പുരോഗതിയ്ക്ക് സമർപ്പണവും ഒത്തൊരുമയോടെയുള്ള പ്രവർത്തനവും പ്രധാനമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വെളിയത്തുനാട് സർവ്വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച കാർഷിക ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കൊപ്പം കളമശ്ശേരിയുടെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. മത്സ്യ കയറ്റുമതിയിൽ കേരളം മാതൃകയാണെന്നും കൂട് കൃഷി ,നെല്ലും മീനും തുടങ്ങിയ പദ്ധതികളിലൂടെ മത്സ്യ കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെണ്ടുമല്ലി കൃഷി വിജയകരമായി പൂർത്തിയാക്കിയ വെളിയത്തുനാട് സഹകരണ ബാങ്കിന് മന്ത്രി അഭിനന്ദനം അറിയിച്ചു.

3. സംസ്ഥാനത്തെ ഒമ്പത് ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഏഴ് ആശുപത്രികൾക്ക് പുനഃ അംഗീകാരവും, രണ്ട് ആശുപത്രികൾക്ക് എൻ.ക്യു.എ.എസ് അംഗീകാരവുമാണ് ലഭിച്ചത്. തിരുവനന്തപുരം FHC കോട്ടുകാൽ 92 ശതമാനം സ്‌കോറും, മലപ്പുറം FHC ഓഴൂർ 98 ശതമാനം സ്‌കോറും നേടി. ഇതോടെ സംസ്ഥാനത്തെ 148 ആശുപത്രികൾക്കാണ് NQAS അംഗീകാരം ലഭിച്ചത്. അഞ്ചു ജില്ലാ ആശുപത്രികൾ, നാലു താലൂക്ക് ആശുപത്രികൾ, എട്ടു സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 38 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 93 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്.

4. കാസർകോട് ജില്ലയിൽ ഡ്രോണ്‍ പരിശീലനം സംഘടിപ്പിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്മാം പദ്ധതിയുടെ ഭാഗമായാണ് ജില്ലയില്‍ കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും, പരിശീലനവും സംഘടിപ്പിച്ചത്. നെൽച്ചെടികളെ ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തി ഫലപ്രദമായി മരുന്ന് പ്രയോഗം നടത്തുന്ന വിഷയത്തിലാണ് പരിശീലനം നടന്നത്. ഡ്രോണുകൾ ഉപയോഗിച്ച് എട്ടുമിനിറ്റ് കൊണ്ട് ഒരേക്കര്‍ പാടത്ത് മരുന്ന് തളിയ്ക്കാൻ സാധിക്കും. കാര്‍ഷികമേഖലയില്‍ തൊഴിലാളി ക്ഷാമം നേരിടുന്നതിനാല്‍ യന്ത്രവത്കൃത മരുന്നുതളി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍.

5. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെ കണ്ടെത്താൻ 'ഓപ്പറേഷൻ യെല്ലോ' പദ്ധതി വരുന്നു. പൊതുജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. പൊതുവിതരണ വകുപ്പിന്റെ മൊബൈൽ നമ്പരിലും ടോൾഫ്രീ നമ്പരിലും അനർഹമായി കാർഡുകൾ കൈവശം വച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ (മൊബൈൽ നം. 9188527301, ടോൾഫ്രീ നം. 1967) അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. റേഷൻകാർഡുകൾ സ്വമേധയാ തിരികെ ഏൽപ്പിക്കുന്നതിന് നിരവധി അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

6. കബനി നദി പുനരുജീവനം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്തില്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മാപ്പിംഗ് നടത്തുന്നത്. വയനാട് ജില്ലയുടെ പ്രധാന ജലസ്രോതസായ കബനി നദിയുടെ നിലനില്‍പ്പ് ഉറപ്പാക്കുകയും കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ലഘൂകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കോട്ടയം, വയനാട് ജില്ലകളിലെ നവകേരളം കര്‍മ്മ പദ്ധതി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് ഗ്രൂപ്പുകളാണ് മാപ്പിംഗ് നടത്തുന്നത്.

7. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുടമകൾക്ക് റേഷൻവിഹിതം മുഴുവനായി ലഭിക്കാത്തതിൽ പ്രതിഷേധം. പാലക്കാട് ജില്ലയിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് സെപ്റ്റംബറിലെ റേഷനരി, ഗോതമ്പ് എന്നിവയുടെ വിതരണം കുറഞ്ഞത് പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴിയാണ് അരിയും ഗോതമ്പും വിതരണം ചെയ്യുന്നത്.
അലോട്ട്മെന്റ് കുറഞ്ഞതോടെ റേഷൻകടകളിൽ സ്റ്റോക്ക് കുറഞ്ഞതായും ഇതുമൂലമാണ് വിതരണം തടസപ്പെട്ടതെന്നും പൊതുവിതരണവകുപ്പ് അധികൃതർ അറിയിച്ചു.

8. പശുവളർത്തലിൽ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവല്ല, മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 19, 20 തിയതികളിൽ രാവിലെ 10 മുതൽ അഞ്ച് വരെ പരിശീലനം നടക്കും. താല്പര്യമുള്ളവർ 9188522711, 0469-2965535 എന്ന നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം.

9. പതിറ്റാണ്ടുകൾക്കുശേഷം ഇന്ത്യയിൽ ചീറ്റപ്പുലികളെത്തി. നമീബിയയിൽ നിന്നും വിമാനത്തിൽ എട്ട് ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിലെത്തിച്ച ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പിറന്നാൾ ദിനത്തിൽ തുറന്നുവിട്ടു. 1947ഓടെയാണ് ഇന്ത്യയിൽ നിന്നും ചീറ്റകൾ അപ്രത്യക്ഷമായത്. ചീറ്റകളുടെ സഞ്ചാരമാർഗം അറിയുന്നതിനായി ജിപിഎസ് സംവിധാനമുള്ള സാറ്റലെറ്റ് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്.

10. കൃഷി മേള 2022ന് കർണാടകയിൽ തുടക്കം. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ധർവാർഡ് കാർഷിക സയൻസ് സർവകലാശാലയിൽ വച്ച് നടക്കുന്ന മേള ഈ മാസം 20ന് സമാപിക്കും. ധാന്യങ്ങളുടെ ഉൽപാദനം, മൂല്യവർധനവും വിപണനവും, ജൈവവളങ്ങളും ജൈവകീടനാശിനികളും, സംയോജിത വിള, കീട-രോഗ പരിപാലനം, സാങ്കേതികവിദ്യകൾ, ഹൈടെക് ഹോർട്ടികൾച്ചർ എന്നീ വിഷയങ്ങളിൽ കർഷകർക്ക് ബോധവൽക്കരണം നടത്തുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. അഞ്ച് ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ വർഷം നടന്ന കൃഷി മേളയിൽ പങ്കെടുത്തത്.

11. കേരളത്തില്‍ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ സമയത്ത് തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ജലാശയങ്ങളിൽ കുളിയ്ക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

English Summary: Dedication and unity important for agricultural progress: P Rajeev..more agriculture malayalam news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds