ഇന്ത്യൻ ദന്തൽ അസോസിയേഷൻ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ "പുഞ്ചിരിയുടെ പൊരുൾ തേടി - ദന്താരോഗ്യ സംരക്ഷണം " അടിസ്ഥാനമാക്കിയുള്ള പ്രദർശനമേള തിരുവനന്തപുരത്ത് വി ജെ റ്റി ഹാളിൽ ആരംഭിച്ചു.
ഇരുപത്തിനാലാം തീയതി വരെ നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിൽ ദന്തസംരക്ഷണം ആയി ബന്ധപ്പെട്ട പല്ലിൻറെ അടിസ്ഥാന വശങ്ങൾ മുതൽ വിവിധ ചികിത്സാ ശാഖകളെ പരിചയപ്പെടുത്തുന്നു.
ദന്ത ചികിത്സയിലെ കാപട്യങ്ങൾ, പിഞ്ചുകുട്ടി മുതൽ മുതിർന്നവർ വരെ പല്ല് സംരക്ഷിക്കാനും മനോഹരമായ പുഞ്ചിരി നിലനിർത്താനും എന്തൊക്കെ ചെയ്യണമെന്നും, അതാത് സമയത്ത് എടുക്കേണ്ട പരിഹാരമാർഗ്ഗങ്ങളും വിശദമായി ഏതൊരു സാധാരണക്കാരനും വായിച്ചാൽ മനസ്സിലാവുന്ന രീതിയിൽ ലളിതമായി ഡോ.ദിലീപിന്റെ നേതൃത്വത്തിൽ ഡിസൈൻ ചെയ്ത മനോഹരമായ പോസ്റ്ററുകളിൽ വിവരിച്ചിരിക്കുന്നു.
പല്ലുമായി ബന്ധപ്പെട്ട് നിത്യ സംശയങ്ങൾ: പൊതു ഉത്തരങ്ങൾ, വായും പല്ലുകളും ആയി ബന്ധപ്പെട്ട ദുശ്ശീലങ്ങൾ, പല്ലു തേക്കുന്ന രീതികൾ, പല്ലിൻറെ വളർച്ചാഘട്ടം, അതാത് വളർച്ചാ ഘട്ടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പാൽപ്പൊടി, പേസ്റ്റ് എന്നിവ ഉപയോഗിക്കേണ്ട രീതികൾ, ദന്ത ചികിത്സയുടെ നൂതന സാങ്കേതിക വിദ്യകൾ, പാൽ പല്ലുകളുടെ പ്രാധാന്യം, ഇങ്ങനെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അനവധി സ്റ്റാളുകൾ ഇവിടെയുണ്ട്.
ഇതുകൂടാതെ ദന്തക്ഷയം ആയി ബന്ധപ്പെട്ട സംശയങ്ങൾ നിവാരണം ചെയ്യാൻ അതാത് വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള ഡോക്ടർമാരും ഇവിടെ സജ്ജരായി നിൽക്കുന്നു.
പല്ലിൽ കമ്പി ഇടുന്നതിന്റെ വിവിധ മോഡലുകൾ, വ്യത്യസ്തമായ ദന്തരോഗങ്ങളുടെ വിശദമായ ചിത്രങ്ങൾ, ദന്തരോഗം ചികിത്സ തുടങ്ങേണ്ടത് എപ്പോൾ, ഒരു ദന്ത ക്ലിനിക്കിൽ ചെല്ലുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾക്ക് സംശയദൂലീകരണം കൂടെയാണ് ഈ എക്സിബിഷൻ.
ഇതുകൂടാതെ 22 വർഷങ്ങൾക്ക് ശേഷം കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്ത് കോവളത്ത് വെച്ച് നാല് ദിവസത്തെ ( 23 -26 ജനുവരി) ദേശീയതലത്തിലുള്ള ദന്തൽ സെമിനാറും നടക്കുന്നു.
വിദേശികളും സ്വദേശികളുമായ ധാരാളം ആളുകൾ ഇതിനകം ഇവിടെ സന്ദർശിക്കുകയും ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട സംശയനിവാരണവും നടത്താൻ കഴിഞ്ഞതിൽ കൃതാർത്ഥരായി പുഞ്ചിരിയോടെ മടങ്ങുന്നത് മനോഹരമായ കാഴ്ചയാണ്.
Share your comments