കോട്ടയം: കനത്തചൂടിൽ വലയുന്ന യാത്രക്കാർക്കും പൊതുജനങ്ങൾക്കും കുടിവെള്ളവും സംഭാരവുമടക്കം സൗജന്യമായി ലഭ്യമാക്കി സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ 'തണ്ണീർപന്തലുകൾ' ആരംഭിച്ചു. കോട്ടയം പാമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പാമ്പാടി ബസ് സ്റ്റാൻഡിൽ ആരംഭിച്ച തണ്ണീർപന്തലിൽനിന്ന് കുടിവെള്ളം പകർന്നുനൽകി സഹകരണ തണ്ണീർപന്തലിന്റെ സംസ്ഥാനതല ഉദ്ഘാടനം സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ചൂട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായമേകും വിധം സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ഒരുക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ വർഷം സഹകരണ മേഖലയിൽ തണ്ണീർപന്തലുകൾ ഒരുക്കിയിരുന്നു. ഇത്തവണ പല മേഖലയിലും ചൂട് വളരെ കൂടിയിരിക്കുകയാണ്. അതിനാൽ ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്ന സാമൂഹിക ഉത്തരവാദിത്തം സഹകരണ വകുപ്പ് ഏറ്റെടുക്കുകയാണ്. എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതുഇടങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കുമെന്നും വേനൽ അവസാനിക്കും വരെ ഇവ നിലനിർത്തുമെന്നും മന്ത്രി പറഞ്ഞു.
തണ്ണീർപ്പന്തലുകൾ വഴി കുടിവെള്ളം, സംഭാരം, തണ്ണിമത്തൻ ജ്യൂസ്, ഗ്ലൂക്കോസ്, തണുത്ത വെള്ളം, പഴങ്ങൾ, ഒ.ആർ.എസ്. എന്നിവ നൽകും. യോഗത്തിൽ കാപ്‌കോസ് ചെയർമാൻ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപറേഷൻ ചെയർമാൻ അഡ്വ. റെജി സഖറിയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ബ്ലോക്ക് പഞ്ചായത്തംഗം സി.എം. മാത്യു, ഗ്രാമപഞ്ചായത്തംഗം കെ.കെ. തങ്കപ്പൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരികുമാർ, പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. പ്രദീപ്കുമാർ, ബാങ്ക് വൈസ് പ്രസിഡന്റ് അനിൽ നൈനാൻ, ബോർഡംഗം കെ.വൈ. ചാക്കോ, സെക്രട്ടറി കെ.എസ്. അമ്പിളി എന്നിവർ പ്രസംഗിച്ചു.
Share your comments