 
            തൃശ്ശൂർ: ഭിന്നശേഷി വിഭാഗക്കാർക്ക് സമൂഹജീവനം സാധ്യമാക്കുന്ന പുനരധിവാസ ഗ്രാമങ്ങൾ നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ സാമൂഹ്യ നീതി വകുപ്പ് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) പുനരധിവാസ ഗ്രാമങ്ങളെ കുറിച്ച് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഭിന്നശേഷിക്കാർക്കായി പുനരധിവാസ ഗ്രാമങ്ങൾ സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. മൂന്ന് വർഷത്തിനകം പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ മൂളിയാട്, നിലമ്പൂർ, പുനലൂർ, കാട്ടാക്കട എന്നിവിടങ്ങളിൽ ഭിന്നശേഷി ഗ്രാമങ്ങൾ ആരംഭിക്കാൻ സർക്കാരിന് ഭൂമി ലഭ്യമായിട്ടുണ്ട്. സമഗ്ര പ്രപ്പോസൽ തയ്യാറാക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഭിന്നശേഷി ഗ്രാമങ്ങളിൽ
തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, പ്രത്യേക വിദ്യാലയങ്ങൾ, പകൽ പരിശീലന കേന്ദ്രങ്ങൾ, ഭിന്നശേഷി സൗഹൃദ കളിസ്ഥലങ്ങൾ, പുനരധിവാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രം തുടങ്ങിയവയുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: നിഷിനെ ഭിന്നശേഷി മേഖലയിലെ സർവകലാശാലയാക്കിമാറ്റും: മന്ത്രി ഡോ. ആർ. ബിന്ദു
പൂർണ്ണമായും ഭിന്നശേഷി സൗഹൃദ സംസ്ഥനമാക്കി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിപ്മറിനെ മികവിന്റെ കേന്ദ്രമായി വളർത്തും. ഈ വർഷം നിപ്മറിന് 12 കോടി അനുവദിച്ചത് വരും വർഷങ്ങളിൽ പതിനഞ്ചു കോടിയായി വർധിപ്പിക്കാനാണ് ശ്രമം. വികലാംഗ ക്ഷേമ കോർപ്പറേഷൻ വികസിപ്പിക്കും. ശാരീരിക പരിമിതി മറികടക്കാനുള്ള ഉപകരണങ്ങൾ പുനരധിവാസ ഗ്രാമങ്ങളിൽ നൽകാൻ മദ്രാസ് ഐ. ഐ.ടി. പോലെയുള്ള കേന്ദ്രങ്ങളുടെ ഉപദേശം തേടും.
ഭിന്നശേഷി വിഭാഗക്കാരുടെ ഉന്നമനത്തിനായി യോജിച്ചുള്ള പ്രവർത്തനങ്ങൾ വേണം. പൊതു ഇടങ്ങൾ ഭിന്നശേഷി വിഭാഗക്കാർക്ക് പ്രാപ്യമാവണം. ഭിന്നേഷിക്കാരുടെ അവകാശം ഉറപ്പ് വരുത്തുന്ന സംവിധാനങ്ങൾ വേണം. ഭാവിയിലേക്ക് വെളിച്ചം പകരുന്ന പ്രത്യാശയുടെ കേന്ദ്രങ്ങളായി പുനരധിവാസ ഗ്രാമങ്ങൾ മാറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ എം വി ജയ ഡാലി അധ്യക്ഷയായ ചടങ്ങിൽ ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ അലി അബ്ദുള്ള, വികലാംഗ ക്ഷേമ ബോർഡ് മാനേജിംഗ് ഡയറക്ടർ കെ മൊയ്തീൻ കുട്ടി എന്നിവർ ആശംസകൾ നേർന്നു.
സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ ചേതൻ കുമാർ മീണ സ്വാഗതവും നിപ്‌മർ എക്സിക്യുട്ടിവ് ഡയറക്ടർ ഇൻ ചാർജ് സി ചന്ദ്രബാബു നന്ദിയും പറഞ്ഞു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments