
1. ഓണത്തോടനുബന്ധിച്ച് കേരള സർക്കാർ എ.എ.വൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് മന്ത്രി അറിയിച്ചു. അന്ത്യോദയ അന്നയോജന (എ.എ.വൈ.) കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും റേഷൻ കടകൾ മുഖേന ഇന്ന് മുതൽ സൗജന്യ ഓണക്കിറ്റ് ലഭ്യമാകും. പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൾഡ് ടീ, പായസം മിക്സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയതാൻ ഒരു ഓണക്കിറ്റ്. രണ്ടാം തീയതിയോടെ വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാൻ മൂന്നും നാലും തീയതികളിലും കിറ്റുകൾ ലഭ്യമാക്കും.
2. ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിപ്പിച്ചു. ഇത്തവണ 1200 രൂപ വീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000 രൂപവീതമാണ് ലഭിച്ചത്. 5,25,991 തൊഴിലാളികൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് ഓണ സമ്മാന വിതരണത്തിനായി 51.96 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 100 പ്രവർത്തിദിനം പൂർത്തിയാക്കിയ 5,19,623 പേർക്കാണ് ആനുകൂല്യം ലഭിക്കുക. സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുള്ള അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കഴിഞ്ഞ സാമ്പത്തിക വർഷം 100 ദിവസമെങ്കിലും തൊഴിലെടുത്ത 6,368 തൊഴിലാളികൾക്കും ആനുകൂല്യം ലഭ്യമാകും. ഇതിനായി 63.68 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
3. സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാന്നു. അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതാണ് മഴ ശക്തമാകാൻ കാരണം. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് 29 -ാം തീയതി വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Share your comments