സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പ്രമുഖ വാച്ച് ബ്രാൻഡായ ടൈറ്റൻ യോനോ എസ്ബിഐ ഉപയോഗപ്പെടുത്തിയുള്ള ടൈറ്റൻ പേ വാച്ചുകൾ അവതരിപ്പിച്ചു. ഇതിലൂടെ കോണ്ടാക്റ്റ്സ് പേമെന്റ് നടത്താൻ സാധിക്കും. ഇന്ത്യയിൽ ആദ്യമായാണ് സമ്പർക്കമില്ലാതെ ഇടപാടുകൾ നടത്തുന്നതിനുള്ള വാക്കുകൾ ഒരു കമ്പനി അവതരിപ്പിക്കുന്നത്. എസ്ബിഐ എക്കൗണ്ട് ഉടമകൾക്ക് സൈ്വപ് ചെയ്യാതെ, എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിക്കാതെ ടൈറ്റൻ പേ വാച്ചുകളിലെ സ്പർശത്തിലൂടെ പിഒഎസ് മെഷീനുകൾ വഴി ഇടപാടുകൾ നടത്താം.
ഒരു വിധ സമ്പർക്കവും വേണ്ടെന്നത് കൊറോണകാലത്ത് വാച്ചിനെ ആകർഷകമാക്കുന്നു.
പിൻ നൽകാതെ തന്നെ 2000 രൂപയുടെ വരെയുള്ള ഇടപാടുകൾ നടത്താൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാപ്പി ടെക്നോളജീസിന്റെ സഹായത്തോടെ വാച്ച് സ്ട്രാപ്പുകളിൽ സുരക്ഷിതമായി എംബഡ് ചെയ്ത സർട്ടിഫൈഡ് നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) ചിപ്പ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാകുന്നത്. കോണ്ടാക്റ്റ്ലെസ് എസ്ബിഐ ഡെബിറ്റ് കാർഡിന്റെ എല്ലാ പ്രവ്യത്തികളും ഇതിലൂടെ ചെയ്യാം.
ഈ വാച്ചുകളിലെ പേമെൻറ് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ രണ്ടു ദശലക്ഷം കോണ്ടാക്റ്റ്ലെസ് മാസ്റ്റർ കാർഡ് പിഒഎസ് മെഷീനുകളിൽ പേമെന്റ് നടത്താവുന്നതാണ്.
2995 രൂപ മുതൽ 5995 രൂപ വരെയാണ് ഈ വാച്ചുകളുടെ വില. പുതിയ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ടൈറ്റനെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ സി.കെ. വെങ്കട്ടരാമൻ പറഞ്ഞു.
ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്ക് അനുസരിച്ചാണ് പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. പുതിയ സാഹചര്യത്തിൽ വേഗത്തിലും സുരക്ഷിതമായും തടസങ്ങളില്ലാതെയും പേമെൻറ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതിൽ ഏറ്റവും ഉത്തമപങ്കാളിയാണ് എസ്ബിഐ. ബാങ്കിംഗ് ആവശ്യങ്ങൾ നിർവഹിക്കും എന്നതിന് അപ്പുറം ഇന്നത്തെ ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലുള്ള ശ്രേഷ്ഠവും പരിഷ്കൃതവുമായ രൂപകൽപ്പനയാണ് പുതിയ വാച്ചുകൾക്കെന്ന് അദ്ദേഹം പറഞ്ഞു.
കോണ്ടാക്റ്റ്ലെസ് പേമെൻറിനായി ടൈറ്റൻ അവതരിപ്പിക്കുന്ന ഈ സവിശേഷമായ ഉത്പന്നത്തിൽ പങ്കാളികളാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ.
Share your comments