1. ഗാർഹിക പാചകവാതക സിലിണ്ടറിന് 100 രൂപ കുറച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ കോടിക്കണക്കിന് കുടുംബങ്ങളുടെയും വനിതകളുടെയും സാമ്പത്തികഭാരം കുറയ്ക്കുന്നതിനായി വനിതാദിന സമ്മാനമായാണ് ഗ്യാസ് വില കുറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇതോടെ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറുകൾക്ക് 810 രൂപയാകും ഈടാക്കുക. അതേസമയം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായി എണ്ണക്കമ്പനികൾ മാറ്റം വരുത്താറുണ്ട്. ഈമാസം 25.50 രൂപയാണ് വാണിജ്യ സിലിണ്ടറുകൾക്ക് വർധിപ്പിച്ചത്.
കൂടുതൽ വാർത്തകൾ: മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; 3 ദിവസം റേഷൻ വിതരണം ചെയ്യില്ല
2. ഇടുക്കി ജില്ലയിൽ ആദ്യ കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിക്ക് തുടക്കമായി. കുറഞ്ഞ അളവിൽ ജലം ഉപയോഗിച്ച് ഉയർന്ന കാര്‍ഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കെഎം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി. കാമാക്ഷി പാറക്കടവ്-നെല്ലിപ്പാറ പ്രദേശത്ത് ആരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കേന്ദ്രീകൃത നിയന്ത്രിത സംവിധാനമുള്ള ഇലക്ട്രോണിക് വാല്‍വുകള്‍ വഴിയാണ് വെള്ളത്തിന്റെ വിതരണം നിയന്ത്രിക്കുന്നത്. പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ കാര്‍ഷിക വിളകളുടെയും നാണ്യവിളകളുടെയും ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാൻ സാധിക്കും. അതുവഴി കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാനും സാധിക്കും. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കളായ കര്‍ഷകരുടെ സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
3. നെല്ല് സംഭരിച്ച വകയിൽ പാലക്കാട് ജില്ലയിലെ കർഷകർക്ക് രണ്ടുവർഷം കൊണ്ട് 1870 കോടി രൂപ നൽകിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് അറിയിച്ചു. നെല്ല് സംഭരണ വിഹിതത്തിൽ 1266 കോടി രൂപ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കാനുണ്ടെന്നും, ഇത് നിൽക്കെയാണ് കർഷകർക്ക് തുക വിതരണം ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നെല്ല് സംഭരണ തുക സമയബന്ധിതമായും തടസ്സമില്ലാതെയും കൈമാറാനുള്ള നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അതിനായി ബാങ്ക് പ്രതിനിധികളും സപ്ലൈകോ പ്രതിനിധികളുമടങ്ങുന്ന മൂന്നംഗ ഒരു ഏകോപന സമിതി രൂപീകരിച്ചതായും മന്ത്രി അറിയിച്ചു.
4. പശു വളര്‍ത്തല്‍ വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുന്നു. മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11, 12 തീയതികളിലാണ് പരിശീലനം നടക്കുക. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം. ഫോൺ: 0491-2815454, 9188522713. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണം.
Share your comments