<
  1. News

വരള്‍ച്ചാ ലഘൂകരണ നടപടികൾ ഊർജിതമാക്കണം -ജില്ലാ കലക്ടർ ഡോ. രേണു രാജ്

ജില്ലയിൽ വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കലക്ടർ ഡോ. രേണുരാജ് നിർദ്ദേശം നൽകി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ വരൾച്ച ലഘൂകരണ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

Meera Sandeep
വരള്‍ച്ചാ ലഘൂകരണ നടപടികൾ ഊർജിതമാക്കണം -ജില്ലാ കലക്ടർ ഡോ. രേണു രാജ്
വരള്‍ച്ചാ ലഘൂകരണ നടപടികൾ ഊർജിതമാക്കണം -ജില്ലാ കലക്ടർ ഡോ. രേണു രാജ്

വയനാട്: ജില്ലയിൽ വരള്‍ച്ചാ ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് ജില്ലാ കലക്ടർ ഡോ. രേണുരാജ് നിർദ്ദേശം നൽകി. കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ വരൾച്ച ലഘൂകരണ പ്രവർത്തനങ്ങളുടെ അവലോകനം യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.  കുടിവെള്ളക്ഷാമത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പിലാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി.

ജിപിഎസ് ട്രാക്കിംഗ്, റൂട്ട് മാപ്പുകൾ സംവിധാനം ഏർപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ള വിതരണം നടപ്പിലാക്കുകയും പൊതുജനങ്ങൾക്ക് കുടിവെള്ളം ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണറുകൾ, കുളം, എന്നിവയുടെ പുനരുജ്ജീവനവും റീചാർജ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തണം. ജലക്ഷാമം രൂക്ഷമായ കൃഷിയിടങ്ങൾ കണ്ടെത്താനും  കൃഷിയിടങ്ങൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ജലസ്രോതസ്സുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാനും കൃഷിവകുപ്പിന് നിർദേശം നൽകി. സൂര്യാഘാതം, സൂര്യാതാപം എന്നിവയ്ക്കെതിരെ കർഷകരിലും കർഷകത്തൊഴിലാളികളിലും ബോധവൽക്കരണം നടത്തണം.

മൃഗസംരക്ഷണ വകുപ്പ് മൃഗങ്ങൾക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തണം. വളർത്തു മൃഗങ്ങളിലുണ്ടാകുന്ന ഉഷ്‌ണകാല രോഗങ്ങൾക്ക് പ്രതിരോധ മരുന്നുകൾ, മാർഗങ്ങൾ എന്നിവ  പൊതുജനങ്ങളിലേക്ക് എത്തിക്കണം.

ഉഷ്ണതരംഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ തൊഴിലാളികളിലേക്ക് എത്തിക്കാനും ജോലി സ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പു വരുത്തുന്ന സംവിധാനങ്ങൾ ഏർപ്പെടുത്താനും തൊഴിൽ വകുപ്പിന് നിർദേശം നൽകി. സൂര്യതാപമേൽക്കാനിടയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവരുടെ തൊഴിൽ സമയം പുന:ക്രമീകരിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. തൊഴിലാളികൾക്ക് പകൽ 11 മുതൽ 3 മണി വരെ വിശ്രമം അനുവദിക്കുന്ന തരത്തിലുള്ള സമയ പുന:ക്രമീകരണം നടപ്പിലാക്കണം. ഇതര ഭാഷക്കാരായ അതിഥി തൊഴിലാളികളിലേക്ക് കൂടി ബോധവൽക്കരണം എത്തിക്കണം. വാർഷിക പരീക്ഷകളുടെ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുകയും വാട്ടർ ബെൽ സമ്പ്രദായം മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. വേനൽ അവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സ്പെഷ്യൽ ക്ലാസുകൾ നടത്തണം.  വേനൽക്കാലത്ത് തീപിടുത്തം തടയുന്നതിന് പരിശോധനയും അവബോധവും അഗ്നിരക്ഷാ സേന വകുപ്പ് ശക്തിപ്പെടുത്തണം. തീപിടുത്ത സാഹചര്യങ്ങളിൽ തീ അണക്കുന്നതിന് ആവശ്യമായ വെള്ളം സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. കെട്ടിടങ്ങളിൽ ഫയർ ഓഡിറ്റ്  പൂർത്തീകരിക്കണം. എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ചൂട് കേന്ദ്രീകരിച്ചുള്ള പരിശോധനാ നടപടിക്രമങ്ങൾ സ്വീകരിക്കാനും മതിയായ മെഡിക്കൽ സപ്ലൈസ് ലഭ്യമാണെന്ന് ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.

റിപ്പോർട്ട് ചെയ്യുന്ന സൂര്യാഘാത, സൂര്യതപ കേസുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ സമയബന്ധിതമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിക്കണം.

ദിനംപ്രതിയുള്ള മഴയുടെ അളവ്, പുഴകളിലെ ജലലഭ്യത, അന്തരീക്ഷ താപനില എന്നിവ ജലസേചന വകുപ്പ് നിരീക്ഷിക്കണം. നദികളിലെ ലവണാംശം തടയുക, ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുക എന്നീ  നടപടികൾ സ്വീകരിക്കണം. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന പകൽ 11 മുതൽ 3 വരെയുളള സമയങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി വൈദ്യുതി വകുപ്പ് സ്വീകരിക്കണം. പോസ്റ്റിലും മറ്റും കയറി ജോലി ചെയ്യുന്നവർ ഉൾപ്പെടെ സൂര്യരശ്‌മികളുമായി നേരിട്ട് സമ്പർക്കത്തിലുള്ള ജോലികളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് സൂര്യാഘാതത്തെ സംബന്ധിച്ചും സൂര്യതാപത്തെ സംബന്ധിച്ചുമുള്ള അറിയിപ്പ് നൽകണം.

ആവശ്യമായ രീതിയിൽ അവരുടെ പുറംജോലി സമയങ്ങളിൽ ക്രമീകരണം ഏർപ്പെടുത്തണം. വിനോദ സഞ്ചാര കന്ദ്രങ്ങളിൽ ശുദ്ധ ജലത്തിൻ്റെയും ഒ.ആർ.എസ് ന്റെയും വിശ്രമ സ്ഥലങ്ങളുടെയും ലഭ്യത ഉറപ്പാക്കാനും ഉഷ്ണ തരംഗ അലേർട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്ന ഘട്ടങ്ങളിൽ ചൂടേറിയ പ്രദേശങ്ങളിൽ വിനോദ സഞ്ചാരം നിയന്ത്രിക്കാനും ടൂറിസം വകുപ്പിന് നിർദേശം നൽകി. ഭിന്നശേഷിക്കാരെ ചൂട് കൂടുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ബോധവൽക്കരിക്കണം. അതിനാവശ്യമായ ബ്രെയിൽ, ഓഡിയോ-വീഡിയോ -ആംഗ്യ ഭാഷ മെറ്റീരിയലുകൾ തയ്യാറാക്കാനും വിതരണം ചെയ്യാനും സാമൂഹിക നീതി വകുപ്പിന് നിർദേശം നൽകി. സർക്കാർ, സർക്കാരിതര നിയന്ത്രണങ്ങളിലുള്ള വൃദ്ധ സദനങ്ങൾ, അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലും ബോധവൽക്കരണം നടത്തുകയും ശുദ്ധ ജലത്തിൻ്റെയും, ഒ.ആർ.എസ്, മറ്റ് അവശ്യ മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്യണം.

എ.ഡി.എം കെ. ദേവകി, എൽ.എ ഡെപ്യൂട്ടി കളക്ടർ ഇ അനിത കുമാരി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാർ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

English Summary: Drought mitigation measures should be intensified - District Collector Dr. Renu Raj

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds