സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലും രണ്ടു വര്‍ഷത്തിനകം ഇക്കോഷോപ്പുകള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു . കയ്പമംഗലം പഞ്ചായത്ത് ജൈവകാര്‍ഷിക ഉല്‍പ്പന്ന വിപണനകേന്ദ്രമായ ഹരിതം ഇക്കോഷോപ്പിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യ സുരക്ഷയോടൊപ്പം സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.
ഇക്കോഷോപ്പിനോടൊപ്പം അഗ്രോ ക്ലിനിക്കുകളും അഗ്രോസര്‍വീസ് സെന്ററുകളും എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് കര്‍ഷക സഭകളും തിരുവാതിര ഞാറ്റുവേല ചന്തകളും ഉണ്ടാകും. തനതായ മാര്‍ഗങ്ങളിലൂടെ ഉന്നത നിലവാരമുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുക എന്നതാണ് കൃഷി വകുപ്പിന്‍റെ ലക്ഷ്യം. കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ 94 ശതമാനം വിഷരഹിതമാണ്.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നടപ്പിലാക്കിയ ജൈവകൃഷി വ്യാപന പദ്ധതിയിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ 63 ലക്ഷം വീടുകളിലേക്ക് പച്ചക്കറികള്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Share your comments