തിരുവനന്തപുരം: സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കണ്ണൂർ ഫീൽഡ് ഓഫീസ് സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ സംയോജിത ആശയവിനിമയ ബോധവത്കരണ പരിപാടിക്ക് ചെർക്കളയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി പങ്കെടുത്തു.
സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലുള്ളവരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാകണം വിദ്യാഭ്യാസവും സാങ്കേതിക വിദ്യാ വികസനവുമെന്ന് എം പി പറഞ്ഞു. വിദ്യാഭ്യാസത്തിനായി നിരവധി യുവാക്കൾ വിദേശ രാജ്യങ്ങളിലേക്ക് പോവുകയാണ്. കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കപ്പെടണം. തൊഴിലധിഷ്ഠിതമായി വിദ്യാഭ്യാസം മാറുമ്പോൾ അത് കൂടുതൽ ആകർഷകവും മികച്ച ജീവിതത്തിന് സഹായകവുമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചെങ്ങള പഞ്ചായത്ത് പ്രസിഡൻറ് ഖാദർ ബദരിയ അധ്യക്ഷനായിരുന്നു. സി ബി സി കേരള- ലക്ഷദ്വീപ് റീജനൽ അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിചാമി മുഖ്യ പ്രഭാഷണം നടത്തി. ഫീൽഡ് പബ്ലിസിറ്റി ഓഫീസർമാരായ ബിജു കെ.മാത്യു, എം.സ്മിതി, ടെക്നിക്കൽ അസിസ്റ്റൻ്റ് ബാബു രാജൻ, എം സുരേഷ് കുമാർ, സി ഡി പി ഒ ശ്രീലത സി.കെ പ്രസംഗിച്ചു.
വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ആധാർ തിരുത്തൽ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വരെയാണ് പ്രദർശനം.
Share your comments