വരും വര്‍ഷങ്ങളില്‍ കേരളത്തിൻ്റെ തീരങ്ങളില്‍ മത്തിയുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്നതും ആഗോളകാലാവസ്ഥയെ സ്വാധീനിക്കാൻ പോന്നതുമായ ‘എൽനിനോ’ പ്രതിഭാസം വീണ്ടും സജീവമാകുന്നതോടെ വീണ്ടും സജീവമാകുന്നതോടെ മത്തി കുറയുമെന്നാണു നിരീക്ഷണം.
മുന്‍ വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞുവെങ്കിലും 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. എന്നാൽ അവയുടെ സമ്പത്ത് പൂര്‍വസ്ഥിതിയിലെത്തുന്നതിന് മുമ്പ് തന്നെ അടുത്ത എല്‍നിനോ ശക്തി പ്രാപിക്കാന്‍ തുടങ്ങിയതാണ് വീണ്ടും മത്തി കുറയാനിടയാക്കുന്നത്. മത്തിയുടെ ഉല്‍പാദനത്തിലെ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റക്കുറച്ചിലുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും എല്‍നിനോയാണ് കേരള തീരത്തെ മത്തിയുടെ ലഭ്യതയെ കാര്യമായി സ്വാധീനിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐയിലെ ഉപരിതല മത്സ്യഗവേഷണ വിഭാഗം നിഗമനത്തിലെത്തിയത്.
2012ല്‍ കേരളത്തില്‍ റെക്കോര്‍ഡ് അളവില്‍ മത്തി ലഭിച്ചിരുന്നു. എന്നാല്‍, എല്‍ നിനോയുടെ വരവോടെ അടുത്ത ഓരോ വര്‍ഷങ്ങളിലും ഗണ്യമായി കുറവുണ്ടായി. 2015ല്‍ എല്‍നിനോ തീവ്രതയിലെത്തിയതിനെ തുടര്‍ന്ന് 2016ല്‍ മത്തിയുടെ ലഭ്യത വന്‍തോതില്‍ കുറഞ്ഞു. പിന്നീട്, എല്‍നിനോയുടെ ശക്തി കുറഞ്ഞതോടെ 2017ല്‍ മത്തിയുടെ ലഭ്യതയില്‍ നേരിയ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം (2018) എല്‍നിനോ വീണ്ടും സജീവമായത് മത്തിയുടെ ഉല്‍പാദനത്തില്‍ മാന്ദ്യം അനുഭവപ്പെടാനും കാരണമായി. വരും നാളുകളില്‍ എല്‍നിനോ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അന്താരാഷ്ട്ര ഏജന്‍സിയായ അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്മോസഫറിക് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ മാസം (ഡിസംബര്‍ 2018) മുന്നറിയിപ്പ് നല്‍കിയിരുന്നു. 2018ല്‍ എല്‍നിനോ തുടങ്ങിയെന്നും 2019ല്‍ താപനിലയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകുമെന്നും ലോക കാലാവസ്ഥാ സംഘടനയും ദേശീയ കാലാവസ്ഥാ വകുപ്പും (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഈ പശ്ചാത്തലത്തിലാണ് വരും വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടായേക്കുമെന്ന് സിഎംഎഫ്ആര്‍ഐ മുന്നറിയിപ്പ് നല്‍കുന്നത്.
കടലിന്റെ ആവാസവ്യവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ വരെ മത്തിയെ ബാധിക്കും. ഇന്ത്യന്‍ തീരങ്ങളില്‍, എല്‍നിനോയുടെ പ്രതിഫലനം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് കേരള തീരത്താണ്. എല്‍നിനോ പ്രതിഭാസം ഈ തീരങ്ങളിലെ മത്തിയുടെ വളര്‍ച്ചയെയും പ്രത്യുല്‍പാദന പ്രക്രിയയെും സാരമായി ബാധിക്കുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രവുമല്ല, എല്‍നിനോ കാലത്ത് കേരള തീരങ്ങളില്‍ നിന്നും മത്തി ചെറിയ തോതില്‍ മറ്റ് തീരങ്ങളിലേക്ക് പാലായനം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട് .മത്തിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ഉള്‍ക്കൊള്ളുന്ന പഠനഗ്രന്ഥം സിഎംഎഫ്ആര്‍ഐ ഉടന്‍ പുറത്തിറക്കും.
English Summary: el nino affecting fish wealth
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments