കോട്ടയം: എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ വൻതിരക്ക്. ഗ്രാമശ്രീ, കാവേരി ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളും മുട്ടകളുമാണ് വൻ വിലക്കുറവിൽ സ്റ്റാളിൽ വിൽക്കുന്നത്. ഒരു ദിവസം പ്രായമായ പൂവൻ കോഴിക്കുഞ്ഞിന് 5 രൂപയും പിടക്കോഴികുഞ്ഞിന് 25 രൂപയുമാണ് വില. 5 രൂപ നിരക്കിൽ കോഴി മുട്ടയും 2 കിലോയ്ക്ക് 10 രൂപ നിരക്കിൽ കോഴി വളവും ഇവിടെ ലഭ്യമാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ ഇറച്ചി കോഴികളെയും വൽക്കുന്നുണ്ട്.
കോഴിക്കുഞ്ഞുങ്ങളും നാടൻ മുട്ടയും വാങ്ങാൻ നിരവധി പേരാണ് മേളയിൽ എത്തുന്നത്. പൊതുജനങ്ങൾക്കും നഴ്‌സറികളിലേയ്ക്കും കുറഞ്ഞ രൂപ നിരക്കിലാണ് കോഴികൾ നൽകുന്നത്. മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ വളർത്തുന്ന ഗ്രാമശ്രീ കോഴികൾ 20- 22 ആഴ്ചകൾക്കുള്ളിൽ മുട്ടയിടും. ഒരു വർഷം ഏകദേശം 180- 220 വരെ മുട്ട ഇവയിൽ നിന്ന് ലഭിക്കും.
കൂടുതൽ വാർത്തകൾ: LPG സിലിണ്ടർ വാട്സാപ്പ് വഴി നിമിഷങ്ങൾക്കകം ബുക്ക് ചെയ്യാം
പൂവൻ കോഴികൾക്ക് 2.5 കിലോയും പെടക്കോഴികൾക്ക് 3 കിലോയും ആകുമ്പോൾ ഇവയെ ഇറച്ചിയ്ക്ക് വിൽക്കും. 17 മുതൽ 19 ആഴ്ചകൾ ആകുമ്പോഴേയ്ക്കും കാവേരി കോഴികൾ മുട്ടയിട്ട് തുടങ്ങും. ഇവയിൽ നിന്ന് ഒരു വർഷം 220 മുതൽ 250 മുട്ടകൾ ലഭിക്കും. 45 മുതൽ 50 ഗ്രാം വരെയാണ് ഒരു മുട്ടയുടെ തൂക്കം. പെടക്കോഴികൾ ഒന്നര കിലോയാകുമ്പോഴും, പൂവൻ കോഴികൾ 2.15 – 2.30 കിലോയാകുമ്പോഴും ഇറച്ചിയ്ക്കായി വിൽക്കാം. പുല്ലും കോഴിത്തീറ്റയുമാണ് ഇവയ്ക്ക് പ്രധാനമായും നൽകുന്നത്. മുട്ട ഉത്പാദനം കൂട്ടുന്നതിനാണ് പുല്ല് നൽകുന്നത്.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 11.30 മുതലാണ് മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ മുട്ട വിതരണം ചെയ്യുന്നത്. നേരത്തെ ബുക്ക് ചെയ്യുന്ന മുൻഗണന ക്രമം അനുസരിച്ച് ചൊവ്വ, വെള്ളി ദിവസങ്ങളിൽ കോഴി കുഞ്ഞുങ്ങളെ വിൽക്കുന്നു. 2022- 23 സാമ്പത്തിക വർഷത്തിൽ 82,79,224 രൂപയും, മുട്ട ഉൽപാദനത്തിൽ 23,51,500 രൂപയുമാണ് ഫാമിന്റെ നേരിട്ടുള്ള വരുമാനം.
Share your comments