പിഎഫ് നിക്ഷേപങ്ങളുടെ (Provident Fund Deposits) പലിശ നിരക്കിൽ (Interest Rate) വർധനവുണ്ടാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് നാല് കോടിയിലേറെ വരുന്ന ഇപിഎഫ് അംഗങ്ങൾ. പുതിയ സാമ്പത്തിക വർഷത്തിലേക്ക് കടക്കാനിരിക്കെ, പിഎഫ് പലിശ നിരക്ക് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (Employees’ Provident Fund Organization) കേന്ദ്ര ട്രസ്റ്റി ബോർഡ് (CBT - Central Board of Trustees) ഉടൻ യോഗം ചേരും.
മാർച്ച് മാസത്തിലെ ആദ്യ ആഴ്ച 2021-22 കാലയളവിലെ പലിശ നിരക്കിനെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി സിബിടിയിലെ അംഗങ്ങൾ യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യോഗത്തിലെ ചർച്ചകൾ
ഗുവാഹത്തിയിൽ വച്ചാണ് യോഗം ചേരുന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ പിഎഫ് നിക്ഷേപങ്ങൾക്ക് 8.5 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ (EPFO) നൽകിയിരുന്നത്. ഇത്തവണ ഇതിൽ വർധനവ് കൊണ്ടുവരുന്നതിനുള്ള തീരുമാനം ഇപിഎഫ്ഒയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമോ എന്നാണ് പിഎഫ് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്നത്.
2021ൽ അതിനു മുമ്പുള്ള വർഷം ഏർപ്പെടുത്തിയ അതേ പലിശ നിരക്ക് തന്നെയായിരുന്നു ബാധകമാക്കിയത്. ഇന്ന് ഇപിഎഫ്ഒയുടെ ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഓഡിറ്റ് കമ്മിറ്റി യോഗം ചേരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇപിഎഫ്ഒയുടെ ഇതുവരെയുള്ള വരുമാനം പരിശോധിക്കാനും അത് സംബന്ധിച്ച് ചർച്ചകൾ നടത്തുന്നതിനുമാണ് ഈ യോഗത്തിലൂടെ ഉദ്ദേശിക്കുന്നത്.
ഈ ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ കേന്ദ്ര ട്രസ്റ്റി ബോർഡിലേക്ക് ഒരു പലിശ നിരക്ക് ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്. അതായത്, മാർച്ചിലെ സിബിടി യോഗത്തിന്റെ തലേ ദിവസമോ അല്ലെങ്കിൽ അന്നോ ഓഡിറ്റ് കമ്മിറ്റിയുടെ ശുപാർശകൾ സമർപ്പിക്കുമെന്നാണ് സൂചന.
കേന്ദ്ര ട്രസ്റ്റി ബോർഡ് കഴിഞ്ഞ യോഗത്തിൽ രൂപീകരിച്ച നാല് ഉപസമിതികളും ഇപിഎഫ്ഒയുടെ പലിശ നിരക്കിലെ തങ്ങളുടെ ശുപാർശകൾ അവതരിപ്പിക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇപിഎഫ് പലിശ നിരക്കിന് പുറമെ, സാമ്പത്തിക നിക്ഷേപം സംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. ഇപിഎഫ്ഒയുടെ വരുമാന വർധനവിന്റെ 5 ശതമാനം വരെ ഇതര നിക്ഷേപ ഫണ്ടുകളിൽ (AIF) നിക്ഷേപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശവും ഇതിൽപ്പെടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചില്ലറയില്ലെങ്കിൽ ഫോൺ പേ ചെയ്തോളൂ… ഇന്ത്യയിലെ 'ആദ്യ ഡിജിറ്റൽ ഭിക്ഷക്കാരൻ'
എഐഎഫ് ഉൾപ്പെടെയുള്ള വിവിധ നിക്ഷേപങ്ങളിൽ 5 ശതമാനം വരെ നിക്ഷേപം നടത്താനുള്ള അനുമതി കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ നൽകിയത്. ഇതിനായി ആസ്തി പിന്തുണയുള്ള, ട്രസ്റ്റ്-ഘടനയിലുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കാമെന്നും, പരമാവധി വരുമാനം നേടാനായി ഇപിഎഫ്ഒയ്ക്ക് വിപുലമായ മേഖലകളിൽ നിക്ഷേപം നടത്താമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
വിപണി സാഹചര്യങ്ങളെ ആസ്പദമാക്കിയും വാർഷിക അടിസ്ഥാനത്തിലുമാണ് ഇപിഎഫിന്റെ പലിശ നിരക്ക് വർധിപ്പിക്കുന്നതിൽ തീരുമാനം എടുക്കുന്നത്.
വിരമിച്ചതിന് ശേഷമുള്ള വിശ്രമജീവിതം സുരക്ഷിതമാക്കുന്നതിനുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഒരു സ്ഥാപനത്തിൽ ഇരുപതോ അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരോ ഉണ്ടെങ്കിൽ ഇപിഎഫ് ആനുകൂല്യം ലഭിക്കുന്നതാണ്. 15,000ത്തിന് മുകളിൽ അടിസ്ഥാന വേതനമുള്ളവർ പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപം നടത്തുക എന്നതാണ് നിയമം അനുശാസിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ നിന്ന് 12 ശതമാനം എംപ്ലോയി പ്രൊവിഡൻറ് ഫണ്ടിലേക്ക് നിക്ഷേപിക്കുന്നു. ഇതിനായി തൊഴിലുടമകളും ജീവനക്കാരും പതിവ് പ്രതിമാസ നിക്ഷേപം നടത്തുന്നു.
Share your comments