എറണാകുളം: വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിന് നൂതന പദ്ധതിയുമായി എറണാകുളം ജില്ലാ പഞ്ചായത്ത്. ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ നിന്നും ജില്ലാ പഞ്ചായത്തിന്റെ പരിപാടികളുടെ സംപ്രേക്ഷണം സാധ്യമാക്കും. വ്യാഴാഴ്ച്ച (ഡിസംബർ 01) ശബ്ദസന്ദേശം നല്‍കി സംപ്രേക്ഷണ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിര്‍വ്വഹിക്കും.
വിനോദ പരിപാടികളും കലയും കൂട്ടിയിണക്കി വിവിധ പദ്ധതികളെക്കുറിച്ച് ജനപ്രതിനിധികളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും സ്ഥാപന മേധാവികളും റേഡിയോ പ്രഭാഷണങ്ങള്‍ നടത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. എറണാകുളം ജില്ലാ പഞ്ചായത്ത് 2022-23 വര്‍ഷം ഏറ്റെടുത്തിട്ടുളള നൂതന പദ്ധതിയാണ് എഫ്.എം സ്റ്റേഷന്‍. ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള 82 ഗ്രാമ പഞ്ചായത്തുകളുടെയും 14 ബ്ലോക്ക് പഞ്ചായത്തുകളുടെയും 13 നഗരസഭകളുടെയും കോര്‍പ്പറേഷനുകളുടെയും വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിന് ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ നിന്നും പ്രൈം ടൈമില്‍ ഒരു നിശ്ചിത സമയത്തിലൂടെ ജില്ലാ പഞ്ചായത്തിന്റെ പരിപാടികളുടെ സംപ്രേക്ഷണം സാധ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
എറണാകുളം ജില്ലയിലെ ഗ്രാമീണ ജനതയുടെയും തദ്ദേശ സ്ഥാപന ജീവനക്കാരുടെയും കലാപരിപാടികളും സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്തും. ഇതിന് പുറമെ ജനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുമായും വിവിധ വകുപ്പ് മേധാവികളുമായും സംവദിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും കഴിയുന്ന തരത്തില്‍ ഫോണ്‍ - ഇൻ പരിപാടിയും സംപ്രേഷണത്തിന്റെ ഭാഗമായി ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഇത് ഗ്രാമീണ ജനതയ്ക്ക് മാനസിക ഉന്മേഷത്തിനും തങ്ങളും പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയെന്ന ഊര്‍ജവും നല്‍കും. പൊതുജനങ്ങളും പഞ്ചായത്തുമായുള്ള അടുപ്പം വര്‍ധിക്കുന്നതിനും പഞ്ചായത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ഇത് വഴി തെളിക്കും.
പരിപാടി യാഥാര്‍ത്ഥ്യമാക്കുന്നതിന് ആകാശവാണി കൊച്ചി എഫ്.എം നിലയവുമായി ജില്ലാ പഞ്ചായത്ത് ധാരണയില്‍ എത്തുകയും പദ്ധതി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി ആകാശവാണിയിലൂടെ തല്‍സമയം പ്രക്ഷേപണം ചെയ്യുക എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാ പഞ്ചായത്ത് നേതൃത്വത്തില്‍ റേഡിയോ സംപ്രേക്ഷണം ആരംഭിക്കുന്നത്.
Share your comments