മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം എറണാകുളം ജില്ലാ പഞ്ചായത്തിന്. രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് വഴിയൊരുക്കിയത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും എന്ന ഭരണസമിതിയുടെ ആപ്തവാക്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നൂതന ആശയങ്ങളുള്ളതും മാതൃകാപരവുമായ 11 പദ്ധതികള്‍ 2021-22ല്‍ ഏറ്റെടുത്ത് ഫലപ്രദമായി നടപ്പാക്കി. പെണ്‍കുട്ടികള്‍ക്കായുള്ള ഷീ ജിം, കുട്ടികള്‍ സ്വന്തം ചിത്രങ്ങള്‍ സ്‌കൂള്‍ ചുവരുകളില്‍ വരച്ച വര്‍ണ്ണവസന്തം, അറിയപ്പെടാത്ത നൂറ് ഗ്രാമീണ വനിതകളുടെ കവിതകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച പിങ്ക് പെന്‍ എന്നിവയാണ് അവയില്‍ ചിലത്. ബജറ്റില്‍ പ്രഖ്യാപിക്കുന്ന കാര്യങ്ങളെല്ലാം വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനാല്‍ ആസൂത്രണ പ്രക്രിയ കാര്യക്ഷമമായി നടത്തുവാന്‍ കഴിഞ്ഞു. വികസന ഫണ്ടിനത്തില്‍ ആകെ 89.46% ചെലവഴിച്ചുകൊണ്ട് പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. ആകെ 45,09,09,000 രൂപ ബജറ്റില്‍ അനുവദിച്ചതില്‍ 41,81,46,243 രൂപ ചെലവഴിച്ചു. പട്ടികജാതി ഫണ്ടിന്റെ ചെലവ് 80.74% വും പട്ടികവര്‍ഗ വിഭാഗത്തിനുളള ചെലവ് 96.02% വും ആണ്. പദ്ധതി നടത്തിപ്പിലെ നിരവധി വെല്ലുവിളികളെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയും സബ് കമ്മിറ്റികളുടേയും നിരന്തരമായ ഇടപെടലുകള്‍ വഴിയാണ് അതിജീവിച്ചത്.
വൃക്കരോഗികള്‍ക്ക് ഡയാലിസിസിന് സഹായം നല്‍കുന്ന കാരുണ്യ സ്പര്‍ശം പദ്ധതി വഴി അറുന്നൂറോളം പേര്‍ക്ക് സഹായം ലഭിച്ചു. പ്രതിമാസം നാലായിരം രൂപ നിരക്കില്‍ ഒരു വര്‍ഷം 48,000/ രൂപയാണ് ഒരാള്‍ക്ക് ലഭിച്ചത്. ചലനശേഷിയില്ലാത്ത 93 പേര്‍ക്ക് സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ നല്‍കി. ഹീമോഫീലിയ രോഗത്തിന് പ്രത്യേക ചികിത്സ നല്‍കുന്ന ഏക ആശുപത്രിയായ എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കായി 62 ലക്ഷം രൂപ ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതിക്കായി ഗണ്യമായ തുകയും ചെലവഴിച്ചു. വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്നതിനുമുളള പദ്ധതികള്‍ ഏറ്റെടുത്തു. ഹോം മെയ്ഡ് ചോക്ലേറ്റ് നിര്‍മ്മാണം, അപ്പാരല്‍ പാര്‍ക്ക്, സ്മാര്‍ട്ട് അയണിംഗ് യൂണിറ്റ് മുതലായവ മേഖലയില്‍ നടപ്പാക്കി.
തൊഴില്‍ രഹിതരായ പട്ടികജാതി യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ നല്‍കുന്ന ഇ-ഓട്ടോ പദ്ധതി വഴി 6 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ആകെ ആറ് ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രത്യക്ഷ പ്രയോജനം ലഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ വഴി നടപ്പാക്കിയ ക്ഷീരസാഗരം പദ്ധതിക്ക് കീഴില്‍ അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് പത്ത് പശുക്കളെ വീതം നല്‍കി. ജനറല്‍ വിഭാഗത്തില്‍ 74 ഗ്രൂപ്പുകള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ അഞ്ച് ഗ്രൂപ്പുകള്‍ക്കും പ്രയോജനം ലഭിച്ചു. ആകെ 1,84,37,500/ രൂപ ചെലവഴിച്ച പദ്ധതിയില്‍ 790 പശുക്കളെ നല്‍കി. ഇതുവഴി പ്രതിദിനം 12500 ലിറ്റര്‍ പാല്‍ കൂടുതലായി ഉല്‍പാദിപ്പിച്ചു. 395 വനിതകള്‍ക്ക് സ്വയംതൊഴില്‍ ലഭിച്ചു. 395 കുടുംബങ്ങളുടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തു. പാലിന് സബ്‌സിഡിക്കായും ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് റിവോള്‍വിങ്ങ് ഫണ്ട് എന്ന നിലയിലും അഞ്ച് കോടി രൂപ ചെലവഴിച്ചു.
ബന്ധപ്പെട്ട വാർത്തകൾ : കുടിവെള്ളത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കി നേരിട്ട് വിതരണം ചെയ്യും
തൊഴില്‍ദായക പരിപാടികളുടെ ഭാഗമായി കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കി. ഐരാപുരം ഖാദി നിര്‍മ്മാണ കേന്ദ്രത്തിന്റെ സൗകര്യ വര്‍ധനവിന് 25 ലക്ഷം രൂപ ചെലവഴിച്ചു. 12 പുതിയ തറികളും ഒരു റാപ്പിംഗ് മെഷീനും പുതുതായി സ്ഥാപിച്ചു. ഇതുവഴി പട്ടികജാതി വിഭാഗത്തില്‍ പെട്ട 30 ആളുകള്‍ക്ക് ജോലി ലഭ്യമായി. കൂട് മത്സ്യകൃഷി, ആധുനിക കോഫി കിയോസ്‌കുകള്‍ എന്നിവയും നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കി. പ്രകൃതി സംരക്ഷണ പരിപാടികളിലും ശ്രദ്ധ പതിപ്പിച്ചു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള ആലുവ ഫാം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ ഫാമായി പ്രഖ്യാപിക്കപ്പെട്ടത് ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. ഫാമില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുകയും ജൈവകൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളും നടപ്പാക്കി. നേര്യമംഗലം ഫാമില്‍ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചു. ഇങ്ങനെ തുടങ്ങി പലതരത്തിലുള്ള കാര്യങ്ങളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കിയത്.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ അഴിമതി അനുവദിക്കില്ല: മന്ത്രി വീണാ ജോർജ്
Share your comments