
കാസർകോട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ വിവിധ ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് തേടും. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം.
ഇതിനായി വിദഗ്ദ സമിതി രൂപീകരിക്കും. നിരോധിക്കപ്പെട്ട കീടനാശിനി നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച് പെസ്റ്റിസൈഡ് ആക്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം പരിശോധിച്ചാവും വിദഗ്ധ സമിതിയെ നിയോഗിക്കുക.
കാസർകോട് അവശേഷിക്കുന്ന ആയിരത്തിലേറെ ലിറ്റർ എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവച്ചു. കാലഹരണപ്പെട്ട നിരോധിത മാരക കീടനാശിനി എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കേണ്ടതുണ്ടെന്ന് യോഗം നിര്‍ദേശിച്ചു. ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും ഇത് സംബന്ധിച്ച തുടര്‍നടപടികളെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കുന്നത് സംബന്ധിച്ച നിലവിലെ പദ്ധതി കേരള കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞര്‍ യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന് നിര്‍വീര്യമാക്കലുമായി ബന്ധപ്പെട്ട ആശങ്കകള്‍' പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സമരസമിതിയും ജില്ലാ പരിസ്ഥിതി സമിതിയും യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്ന് വിശദമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.
കാസര്‍കോട് വികസന പാക്കേജ് സ്പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ്മോഹന്‍, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്.സജീദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍, കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ ഡോ.പി.കെ.മിനി, മുന്‍ ഡീന്‍ ഡോ.സുരേഷ് പി.ആര്‍, കാര്‍ഷിക സര്‍വകലാശാല ശാസ്ത്രജ്ഞരായ ഡോ.ബിനിത എന്‍.കെ, ഡോ.നിധീഷ്.പി, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ കേരള എന്‍ജിനീയര്‍ വിമല്‍ സുന്ദര്‍, അസി.എക്സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണ കുമാര്‍, എന്‍.എച്ച്.എം ഡി.പി.എം ഡോ.റിജിത് കൃഷ്ണന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡോ.ജോമി ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ആശാ മേരി.സി.എസ്, സമരസമിതി പ്രതിനിധി പി.വി.സുധീര്‍കുമാര്‍, ജില്ലാ പരിസ്ഥിതി സമിതി പ്രതിനിധി വിനയകുമാര്‍ വി.കെ. തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ജില്ലയിലെ വിവിധ ഇടങ്ങളിലായി സൂക്ഷിച്ച 1,438 ലിറ്റർ എൻഡോസൾഫാനാണ് കേരള-കാർഷിക സർവകലാശാലയുടെ സാങ്കേതിക സഹായത്തോടെ നിർവീര്യമാക്കുന്നത്.
കേരളത്തിലെ മുൻ ദുരനുഭവങ്ങൾ
കുറച്ചു വർഷങ്ങൾക്ക് മുൻപ് സംസ്ഥാനത്ത് എൻഡോസൾഫാൻ നിർവീര്യമാക്കിയ നടപടികളെ തുടർന്ന് ഒട്ടേറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കാസർകോട് ജില്ലയിലുള്ള മൂന്ന് കേന്ദ്രങ്ങളിൽ സംഭരിച്ചിരുന്ന എൻഡോസൾഫാൻ വീപ്പകളിൽ നിന്ന് ചോർന്നു മണ്ണിലേക്കു പരന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എറണാകുളത്ത് വ്യവസായ സ്ഥാപനത്തിൽ നിന്നുള്ള സിങ്ക് മാലിന്യം നിർവീര്യമാക്കിയത്തിന്റെ ഫലമായി സമീപ പ്രദേശത്തെ രണ്ടായിരം കിണറുകളിലേക്ക് ഇത് വ്യാപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മാരക കീടനാശിനികൾ നിർവീര്യമാക്കുമ്പോൾ ആ പ്രദേശത്തിനും അവിടത്തെ മണ്ണിനും വെള്ളത്തിനും ഭവിഷ്യത്തുണ്ടാകാതെ നടപടികൾ സ്വീകരിക്കുന്നതിനായി യുഎൻ തയാറാക്കിയ ടൂൾ കിറ്റ് ഉണ്ട്. ഇതു പ്രകാരം ഇത്തരം കീടനാശിനികൾ വിഷരഹിതമാക്കുന്നതാണ് പരിസ്ഥിതിക്ക് ഉചിതം
Share your comments