തിരുവനന്തപുരം: നവകേരള സദസ്സിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ മുഖാമുഖം സദസ്സുകൾ ഫെബ്രുവരി 26, 27 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭിന്നശേഷി മേഖലയിലുള്ളവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം 26 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ആർ.ഡി.ആർ കൺവെൻഷൻ സെന്ററിലും വയോജനങ്ങളും പെൻഷൻകാരുമായുള്ള മുഖാമുഖം 27 ന് ഉച്ചതിരിഞ്ഞു മൂന്നുമണി മുതൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലുമാണ് നടക്കുക.
ഭിന്നശേഷി സൗഹൃദ കേരളം നവകേരള കാഴ്ചപ്പാട് എന്ന മുദ്രാവാചകവുമായാണ് ഭിന്നശേഷി മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും മുഖ്യമന്ത്രിയുമായി 26 നു നടക്കുന്ന മുഖാമുഖം. വയോജനങ്ങൾക്കും പെൻഷൻകാർക്കും വേണ്ടി നടക്കുന്ന വിവിധ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ചു ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യുന്നതിനും പുതിയ നിർദ്ദേശങ്ങൾ സ്വരൂപിക്കുന്നതിനുമാണ് മുഖാമുഖം. ഇരു സംവാദ പരിപാടികളിലും അമ്പതു പേർ വീതം മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കും. കൂടുതൽ പേർക്ക് തത്സമയം ചോദ്യങ്ങൾ എഴുതി നൽകാനാവും. ഭിന്നശേഷിക്കാർ, ഭിന്നശേഷി മേഖലയിൽ സംഭാവന ചെയ്യുന്ന വ്യക്തിത്വങ്ങൾ, ഭിന്നശേഷിക്കാരായ കലാ-കായിക-സാംസ്‌കാരിക പഠന ഗവേഷണ മേഖലകളിലെ പ്രമുഖർ തുടങ്ങിയവരാണ് മുഖാമുഖത്തിൽ പങ്കെടുക്കുക. ഭിന്നശേഷി വയോജന പെൻഷൻ മേഖലകളുമായി ബന്ധപ്പെട്ട വിദഗ്ധരും മുഖാമുഖത്തിൽ പങ്കാളികളാകും.
ഭിന്നശേഷി മേഖലയിലുള്ളവരുമായുള്ള മുഖാമുഖത്തിൽ 2016 ലെ ആർ.പി.ഡബ്ല്യു.ഡി. ആക്ട് പ്രകാരമുള്ള 21 തരം ഭിന്നശേഷിക്കാരുടെ പ്രതിനിധികളും ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ളവരും പങ്കെടുക്കും. അക്കാദമിക്, പ്രൊഫഷണൽ, കലാ-കായിക, സാംസ്‌കാരിക, വ്യാവസായിക, വാണിജ്യ, കാർഷിക, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഭിന്നശേഷി പ്രതിഭകളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ വിഭാഗം ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സ്വതന്ത്രമായി എത്തിച്ചേരാൻ സാധിക്കുന്ന വേദികളാണ് മുഖാമുഖങ്ങൾക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മുതിർന്ന പൗരന്മാരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖത്തിൽ വ്യത്യസ്ത മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരും പങ്കെടുക്കും. സർക്കാർ സർവീസിൽ ഉന്നതസ്ഥാനം വഹിച്ചു വിരമിച്ചവരും പെൻഷൻകാരുടെ പ്രതിനിധികളായി പങ്കെടുക്കും.
മുഖാമുഖത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാരും എം.എൽ.എമാരും നേതൃത്വം നൽകുന്ന സംഘാടക സമിതി പൂർത്തീകരിച്ചു കഴിഞ്ഞു. പൂർണ്ണമായും ഭിന്നശേഷിസൗഹൃദമാക്കി സജ്ജമാക്കിയ വേദിയിലാണ് മുഖാമുഖങ്ങൾ അരങ്ങേറുകയെന്നും മന്തി ഡോ. ആർ.ബിന്ദു അറിയിച്ചു.
Share your comments