കൊല്ലം കൂട്ടികടയിലെ ഫാം ഫ്രഷ് ഓർഗാനിക് ബസാറിൻറെ ഉടമയായ രമണന്റെ ഫാംഹൗസിൽ ഇന്ന് വാളത്തുങ്കൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ പ്രായോഗിക കൃഷി പരിശീലന പാഠ്യപദ്ധതിയുടെ ഭാഗമായി സന്ദർശനം നടത്തുകയുണ്ടായി. കൃഷിയിലെ നൂതന സാങ്കേതികവിദ്യകൾ പ്രായോഗികമായി പ്രാവർത്തികമാക്കുന്നത് നേരിട്ട് കാണുവാനും അത് കണ്ട് മനസ്സിലാക്കുവാനും സ്കൂളിലെ വിദ്യാർത്ഥി വിദ്യാർഥിനികളും അധ്യാപകരും ഇവിടെ വന്നു.
പുസ്തകങ്ങളിലൂടെയും സ്കൂളിലെ കാർഷിക അനുബന്ധ ക്ലാസുകളിലൂടെയും മാത്രം മനസ്സിലാക്കിയിരുന്ന കൃഷി അറിവുകൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു.
വർഷങ്ങളായി കാർഷികമേഖലയിൽ തനിക്ക് കിട്ടിയ അവഗാഹമായ അറിവുകൾ വിദ്യാർത്ഥികൾക്ക് മനസ്സിലാകും വിധം പറഞ്ഞുകൊടുക്കാൻ രമണൻ സാറിന് കഴിഞ്ഞു.
കൃഷിയിൽ വിജയിക്കണമെങ്കിൽ മണ്ണറിഞ്ഞ് കൃഷി ചെയ്യണമെന്നുംചെയ്യുന്നതിനോടൊപ്പം
മണ്ണിൻറെ പി എച്ചും, മണ്ണിലെ പോഷകമൂല്യങ്ങളും യഥാവിധി ക്രമീകരിച്ചാൽ മാത്രമേ കഴിയുകയുള്ളൂവെന്ന് വിദ്യാർഥികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. നൂതനമായ സാങ്കേതികവിദ്യയിലൂടെ കൃഷിയിൽ മികച്ച വിളവ് പ്രാവർത്തികമാക്കിയിരിക്കുന്നത് നേരിട്ട് കണ്ട് വിദ്യാർത്ഥികൾക്കു ഒരു പുതു അനുഭവമായി മാറി. മത്സ്യകൃഷിയും ജൈവകൃഷിയും സംയുക്തമായുള്ള അക്വാപോണിക്സ്, ഗ്രീൻ ഹൗസ് ഫാമിംഗ്, ബയോ ഫ്ലോക്ക് മത്സ്യകൃഷി എന്നിവയെക്കുറിച്ചും അവർക്ക് രമണൻ തൻറെ അനുഭവങ്ങളിലൂടെ പങ്കുവെച്ചു.
ഒരു തക്കാളി ചെടിയിൽ കുലകുലയായി കിടക്കുന്ന പഴുത്ത തുടുത്ത തക്കാളിയും , പൂത്തുലഞ്ഞ് നിൽക്കുന്ന വെണ്ടയും, ഫുട്ബോൾ പോലെ വിളഞ്ഞു ഉരുണ്ട കോളിഫ്ലവറും, ബഹു വർണ്ണത്തിലുള്ള കുറ്റി മുളകും കുട്ടികളുടെ കണ്ണിനും മനസ്സിനും കുളിർമയേകി . ആധുനിക കൃഷിയിലെ പ്ലാസ്റ്റിക് മൾച്ചിങ് സംവിധാനവും, ചെടിയുടെ വളർച്ചയിൽ വേരുകളുടെ പ്രാധാന്യവും കുട്ടികൾക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞു.
വിവിധ ജൈവവളങ്ങൾ, വിളകൾക്ക് അനുസൃതമായി ആവശ്യാനുസരണമുള്ള പോഷക വളങ്ങളും, മൂലകങ്ങളും, ജൈവ കീടനാശിനികളും ഉപയോഗിക്കേണ്ട വിധം യഥാവിധി മനസ്സിലാക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
കൃഷി അറിവിൻറെ മാസ്മരികത സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ പുതിയൊരു അനുഭവം നൽകിയതായി അവർ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം കുട്ടികൾക്ക് ആദ്യമായി കോളിഫ്ലവർ തൈകളും വിതരണം ചെയ്യുകയുണ്ടായി. പുസ്തകങ്ങളിലൂടെ മാത്രം വിദ്യാർത്ഥികൾക്ക് കൃഷി അറിവ് നൽകിയിട്ടുള്ള അധ്യാപകർ രമണൻ കൃഷിചര്യയിലൂടെ നേടിയ അറിവുകൾ തങ്ങൾക്ക് കൃഷിയിൽ പുതിയൊരു കാഴ്ചപ്പാട് വീക്ഷണവും നൽകാൻ സഹായിച്ചു എന്ന് അധ്യാപകർ പറഞ്ഞു . തുടർന്ന് എല്ലാവർഷവും സ്കൂളിലെ വിദ്യാർഥികൾക്ക് അദ്ദേഹത്തിൻറെ പ്രായോഗിക പരിജ്ഞാനം നൽകണമെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി.
അറിവുകൾ പങ്കുവെക്കുമ്പോൾ ആണ് മനുഷ്യൻ വളരുന്നത്. ഇത് നമുക്ക് ഫാം ഫ്രഷ് ഓർഗാനിക് ബസാറിലെ രമണനിൽ കാണാൻ കഴിയും. ഒരു കച്ചവടക്കാരൻ എന്നതിലുപരി ഒരു കർഷകനും നല്ലൊരു അധ്യാപകൻ ആവാൻ ഇന്ന് അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.
Share your comments