ഫാം ടൂറിസം പദ്ധതികള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലക്ക് മുതല്‍ക്കൂട്ടായി തീരുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലയിലെ കാര്‍ഷിക മേഖലയിലെ ടൂറിസം സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ഫാം ടൂറിസം പട്ടികയില്‍ ഇടംപിടിച്ച വണ്ടിപ്പെരിയാര്‍ കൃഷിഫാമില്‍ രണ്ടര കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണ് വിനോദ സഞ്ചാരികള്‍ക്കായി ഫാം ടൂറിസം പദ്ധതി ആരംഭിക്കുന്നത്. 96 ലക്ഷം രൂപ മുടക്കി വിനോദ സഞ്ചാരികള്‍ക്കായി ടൂറിസം ഹട്ട്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കംഫര്‍ട്ട് സ്റ്റേഷന്‍, വിപണന കേന്ദ്രം എന്നിവയാണുള്ളത്. ഇതോടൊപ്പം താമസ സൗകര്യം, കര്‍ഷക പരിശീലന കേന്ദ്രം, ട്രക്കിംങ്ങ് പാത്ത് എന്നിവയുടെ നിര്‍മ്മാണവും നടക്കുന്നു. വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഫാമിലെത്തി പരിശീലനങ്ങള്‍ നേടാം. പച്ചക്കറി വിത്തുകള്‍, തൈകള്‍, അലങ്കാര സസ്യങ്ങള്‍ എന്നിവയും ഇവിടെ നിന്ന് വാങ്ങാം. ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന രീതിയില്‍ ഫാം നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം പദ്ധതി പൂര്‍ത്തിയാകുന്നതോടെ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഫാം ടൂറിസ പദ്ധതിയാണ് 90 ഏക്കറില്‍ പൂര്‍ത്തീകരിക്കുക. സംസ്ഥാനത്തെ മികച്ച ഫാം ടൂറിസം ഡെസ്റ്റിനേഷനായി വണ്ടിപ്പെരിയാറിലെ സംസ്ഥാന പച്ചക്കറി തോട്ടത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥരും ജീവനക്കാരും.
Share your comments