കർഷകർക്ക് ഇനി മുതൽ സ്വന്തം വിത്ത് ഉപയോഗിച്ചാലും ആനുകൂല്യം. കാർഷിക വികസന കർഷക ക്ഷേമ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്ന് സ്വന്തം നെൽവിത്ത് ഉപയോഗിക്കുന്നതിന് 2016 ൽ കർഷകർക്ക് അനുമതി നൽകിയിരുന്നെങ്കിലും ആനുകൂല്യങ്ങൾ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത് കേരള സ്റ്റേറ്റ് സീഡ് ഡെവലപ്മെന്റ് അതോറിറ്റി (കെ.എസ്.എസ്.ഡി.എ) നൽകുന്ന നെൽ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്താൽ മാത്രമേ ആനുകൂല്യം നൽകുകയുള്ളൂ എന്ന നിഷ്‌കർഷയ്ക്കയാണ്‌ഭേദഗതി വരുത്തി. നേരത്തെ കെ.എസ്.എസ്.ഡി.എയ്ക്ക് കൃഷി വകുപ്പിന്റെ കീഴിലുള്ള സർക്കാർ ഫാമുകൾ, എൻ.എസ്.സി, കർണാടക സീഡ് കോർപ്പറേഷൻ എന്നിയിവിടങ്ങളിൽ നിന്നുമാണ് നെൽ വിത്ത് വാങ്ങി വിതരണം ചെയ്യാൻ നിർദേശം ലഭിച്ചിരുന്നത്. ഇത് പ്രകാരം നെൽകൃഷി വികസനപദ്ധതി നടത്തിപ്പിന് കർഷകർക്ക് കെ.എസ്.എസ്.ഡി.എ, കൃഷി വകുപ്പിന്റെ കീഴിലുള്ള സർക്കാർ ഫാമുകൾ, എൻ.എസ്.സി, കർണാടക സീഡ് കോർപ്പറേഷൻ, കാർഷിക സർവകലാശാല എന്നിവയിലൂടെ ലഭിക്കുന്ന വിത്തിന് പുറമേ സ്വന്തം നെൽവിത്തും ഉപയോഗിച്ച് കൃഷി ചെയ്യാൻ സാധിക്കും. നെൽവിത്തിന്റെ ലഭ്യത വിലയിരുത്തുന്നതിനായി കൃഷി മന്ത്രി വി എസ് സുനിൽകുമാർ നടത്തിയ അവലോകനത്തിലാണ് ഈ പുതുക്കിയ നിർദേശം നൽകിയത്.
10 സെന്റ് മുതൽ 5 ഏക്കർ വരെ കൃഷി ചെയ്യുന്ന കർഷകർക്ക് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ധനസഹായമുൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ഈ പുതിയ നിർദ്ദേശം കർഷകർക്ക് ഏറെ സഹായകമാകും. അത്യാധുനിക കൃഷി രീതികൾക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക സഹായമാണ് നൽകപ്പെടുന്നത്. മഴമറകൾക്കും പോളി ഹൗസുകൾക്കും തിരിനന, ഡ്രിപ്പ് ഇറിഗേഷൻ, അക്വാപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് എന്നിങ്ങനെയുള്ള നൂതന കൃഷി മാർഗങ്ങൾക്കും വിവിധ പദ്ധതികൾ വഴി ധനസഹായം ലഭ്യമാണ്. നൂതനസംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും വേണ്ട മുഴുവൻ പിന്തുണയും അതതു ജില്ലകളിലെ കൃഷി ഓഫിസുകൾ വഴി ലഭിക്കും. കൃഷിക്കും ജലസേചനത്തിനും കാർഷികോൽപന്നങ്ങളുടെ വിൽപനയ്ക്കുമായി ഒട്ടേറെ ആനുകൂല്യങ്ങൾക്കും കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിപ്പോൾ. ചില സഹായങ്ങൾ വ്യക്തിഗത ഇനങ്ങളാണെങ്കിൽ മറ്റു ചിലത് കർഷക ഗ്രൂപ്പുകൾക്കു വേണ്ടി മാത്രമുള്ളതാണ്. ഓരോ പഞ്ചായത്തിലെയും കൃഷിഭവനിൽ പദ്ധതികളുടെ വിശദാംശം ലഭിക്കും.
Share your comments