യഥാര്‍ത്ഥ രാഷ്ട്ര സേവകന്മാര്‍ കര്‍ഷകരാണ്. എന്നാല്‍ എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും കിട്ടുന്നത് മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും. കര്‍ഷകര്‍ക്ക് കുറഞ്ഞത് മാസം 22000 രൂപ കിട്ടണം. തൊട്ടില്‍ മുതല്‍ ശ്മശാനം വരെ സേവനവും കിട്ടണം. അതിനുള്ള നിയമ സംവിധാനം വരണം.സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി വൈഗയുടെ സെമിനാറില്‍ സംസാരിക്കവെ അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖല തകരാതിരിക്കണമെങ്കില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയം മാറണം. അമേരിക്കയും യൂറോപ്പും നയങ്ങള്‍ മാറ്റി, പല കരാറുകളില്‍ നിന്നും പിന്‍മാറി, നമ്മളും മാറണം. അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി നിയമം എത്രയും വേഗം നടപ്പിലാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കൃഷിക്കാര്‍ കാലാവസ്ഥ,മണ്ണ്,വെളളം,വളം എന്നിവയെകുറിച്ച് നല്ല ധാരണയുള്ളവരാകണം. അതിന്റെ അടിസ്ഥാനത്തിലാവണം കൃഷി. മൂല്യവര്‍ദ്ധിത ഉത്പ്പന്നത്തിന്റെ ഒരു ശതമാനം കര്‍ഷകന് അവകാശലാഭം ലഭിക്കണം. അഞ്ച് ഗ്രാം ലെയ്‌സിന് വില 15 രൂപ. അപ്പോള്‍ ഒരു കിലോ ഉരുളക്കിഴങ്ങിന്റെ വില 350 രൂപയാകുന്നു. കര്‍ഷകന് കിട്ടുന്നത് എട്ടു രൂപ മാത്രം. അതുകൊണ്ടുതന്നെ മൂല്യവര്‍ദ്ധനവാണ് ലാഭം എന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു.
എന്തുകൊണ്ടാണ് ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരാത്തത്. കൃഷിയില്‍ നിന്നും ജീവിക്കാനുള്ള വരുമാനം ലഭിക്കുന്നില്ല. 1980 വരെ അഞ്ചേക്കര്‍ കൃഷിഭൂമിയില്‍ നിന്നും മാസം 1200 രൂപ കിട്ടുമായിരുന്നു. അന്ന് ഉന്നത സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളം ആയിരത്തില്‍ താഴെ. ഇന്നിപ്പോള്‍ അഞ്ചേക്കറില്‍ നിന്നും കിട്ടുക 5000 രൂപ, സര്‍ക്കാര്‍ ജീവനക്കാരന്റെ ശമ്പളം ഒരു ലക്ഷം കവിയും. ഇത്തരമൊരു സാഹചര്യത്തില്‍ എങ്ങിനെ ഒരാള്‍ കൃഷിയിലേക്ക് വരും. കേന്ദ്ര സര്‍ക്കാര്‍ ആര്‍സിഇപി കരാറില്‍ നിന്നും പിന്മാറിയിട്ടും കാര്‍ഷികോത്പന്നങ്ങളുടെ വില കൂടിയില്ല. കുരുമുളക്, ജാതി എല്ലാം വില പിറകോട്ടാണ്. കാരണം ലളിതമാണ്. ആര്‍സിഇപി ഇല്ലെങ്കിലും ആസിയാന്‍ കരാറുണ്ട്, ശ്രീലങ്ക കരാറുണ്ട്, ഇന്തോനേഷ്യ,വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ ശ്രീലങ്കയിലെത്തി, അവിടെനിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കയാണ്. കര്‍ഷകരില്‍ നിന്നും പാലെടുക്കുന്നതിനേക്കാള്‍ ലാഭം ആസ്‌ട്രേലിയയില്‍ നിന്നും വരുന്ന പാല്‍പ്പൊടിയാണ്. ആസ്‌ട്രേലിയയിലും ന്യൂസിലാന്റിലുമൊക്കെ കര്‍ഷകന് ഉത്പ്പാദനച്ചിലവിന്റെ ആറിരട്ടി സബ്‌സിഡി നല്‍കുകയാണ്. ഇതൊന്നും കണ്ടില്ലെന്നു നടിച്ച് മുന്നോട്ടുപോകാന്‍ കഴിയില്ല.
ആഭ്യന്തര വിപണിയിലേക്ക് മള്‍ട്ടി നാഷണല്‍സ് വരുകയാണ്. റിലയന്‍സ് വന്നു, വാള്‍മാര്‍ട്ട് വരുന്നു. ഇവരൊക്കെ ആഫ്രിക്കയില്‍ നിന്നും ഇന്‍ഡോനേഷ്യയില്‍ നിന്നും ഉത്പ്പന്നങ്ങള്‍ കൊണ്ടുവരും. ടയര്‍ കമ്പനികളില്‍ പലതും ഇപ്പോള്‍ വിദേശങ്ങളിലാണ് ഉത്പ്പന്നം തയ്യാറാക്കുന്നത്. റബ്ബറിന്റെ വില താഴോട്ടു പോകുമ്പോള്‍ ടയര്‍ വില കുതിക്കുകയാണ്. അവിടെയാണ്്അവകാശലാഭത്തിന്റെ പ്രസക്തി. മാര്‍ക്കറ്റില്‍ അരിക്ക് 40 രൂപ വിലയുള്ളപ്പോള്‍ കര്‍ഷകന് കിട്ടുന്നത് 22 രണ്ട് രൂപ. ഇടനിലക്കാര്‍ കൊണ്ടുപോകുകയാണ് ബാക്കി തുക. ചെറുപ്പക്കാര്‍ പുതിയ കൃഷി രീതികളുമായി മുന്നോട്ടു വരണം. ആന്ധ്രയിലിപ്പോള്‍ വഴുതന പറിക്കുന്നത് റോബോട്ടാണ് എന്ന് വായിച്ചു. നമ്മുടേത് അശാസ്ത്രീയ കൃഷിരീതിയാണ്. ഇത് ശാസ്ത്രീയമായാല്‍ നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ അനേകമിരട്ടി വിളവ് ലഭിക്കും. അതിനായി പരിശീലനം നല്‍കണം. ഇത്തരത്തില്‍ പുതിയൊരു കാഴ്ചപ്പാട് വികസിച്ചു വരാന്‍ വൈഗ സഹായകമാകണം.
Share your comments