സംസ്ഥാനത്ത് രാസവളത്തിനു കടുത്ത ക്ഷാമം നേരിടുന്നു. കര്‍ഷകര്‍ സമയത്ത് രാസവളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് .നെല്‍ക്കര്‍ഷകര്‍ക്ക് അടിയന്തരമായി വേണ്ട യൂറിയയ്ക്കാണ് ഏറ്റവുംകൂടുതല്‍ ക്ഷാമം.അടിസ്‌ഥാന വളങ്ങളായ യൂറിയ, പൊട്ടാഷ്, ഡൈ അമോണിയം ഫോസ്‌ഫേറ്റ്(ഡി.എ.പി) എന്നിവയുടെ ലഭ്യത കുറഞ്ഞു. ഇതിനുപുറമേ അടിസ്‌ഥാനവളങ്ങള്‍ ഉപയോഗിച്ചു നിര്‍മിക്കുന്ന കൂട്ടുവളങ്ങള്‍ക്കും ക്ഷാമം നേരിടുകയാണ്.കേന്ദ്രവിഹിതം കുറഞ്ഞതാണ് ക്ഷാമത്തിനു കാരണം.
യൂറിയയും പൊട്ടാഷും ഇറക്കുമതി ചെയ്യുന്നത് സംസ്‌ഥാനത്തിന് പുറത്തുനിന്നാണ്. പി.ഒ.എസ്. (പോയിന്റ് ഓഫ് സെയില്‍)മെഷീന്‍ വഴി കര്‍ഷകര്‍ ആധാര്‍കാര്‍ഡും വിരലടയാളവും ഉപയോഗിച്ച് യൂറിയയും പൊട്ടാഷും വാങ്ങണമെന്നാണ് ചട്ടം. എല്ലാ സബ്‌സിഡി വളങ്ങളും ഈ നിലയ്‌ക്കേ വില്‍ക്കാവൂ എന്നുണ്ട്. സബ്‌സിഡി കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും. വളം യഥാര്‍ഥ കര്‍ഷകനിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കാനും അഴിമതി ഇല്ലാതാക്കാനും വേണ്ടിയാണ് പി.ഒ.എസ്. സംവിധാനം കൊണ്ടുവന്നത്. എന്നാല്‍, പി.ഒ.എസ്. മെഷീന്‍ വഴിയുള്ള വളം വില്‍പന മുടങ്ങുന്നുണ്ട്. അതേത്തുടര്‍ന്ന് പി.ഒ.എസ്. ഇല്ലാതെയും കര്‍ഷകര്‍ക്ക് വളം ഡീലര്‍മാര്‍ നല്‍കുന്നുണ്ട്.
യൂറിയയും പൊട്ടാഷും ഡി.എ.പിയും ഉപയോഗിച്ചുണ്ടാക്കുന്ന മിശ്രിതവളത്തിന്റെ ലഭ്യതയിലും വലിയ കുറവുണ്ട്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് മിശ്രിതവള യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കായിരുന്നു ഇതിനു കാരണം. ഇതിനെതിരെ മിശ്രിതവളക്കമ്പിനികൾ ഹൈക്കോടതിയില്‍നിന്ന് സ്‌റ്റേ ഉത്തരവ് വാങ്ങിയതിനെതുടര്‍ന്ന് ഉല്‍പാദനം തുടങ്ങിയിട്ടുണ്ട്.നിരന്തരം കാര്‍ഷിക സൊസൈറ്റികളില്‍ കര്‍ഷകര്‍ വളത്തിനായി കയറിയിറങ്ങുന്നുണ്ടെങ്കിലും വളം എത്തിയില്ലെന്ന മറുപടി മാത്രമാണ് കിട്ടുന്നത്.
യൂറിയ 45 കിലോഗ്രാം ചാക്കിന് 266.50 രൂപയ്ക്കാണ് സംഘങ്ങള്‍ക്ക് നല്കുന്നത്. ഓര്‍ഡര്‍ ചെയ്തിരിക്കുന്ന സ്ഥലത്ത് കമ്പനിതന്നെ നേരിട്ട് വളം എത്തിക്കുകയും ചെയ്യും.അതുകൊണ്ടു തന്നെ കര്‍ഷകര്‍ക്ക് വിലക്കൂട്ടാതെ നല്കാനും കഴിയും. പുറമേ നിന്ന് വാങ്ങേണ്ടി വന്നാല്‍ വില 500 രൂപയില്‍ കൂടും.കൂടാതെ വാഹനക്കൂലിയും കയറ്റിറക്കുകൂലിയും നല്‌കേണ്ടിവരും. ഇത് കര്‍ഷകര്‍ക്ക് താങ്ങാനാവില്ല.
പൊട്ടാഷിന് ചാക്കൊന്നിന് 250 രൂപയാണ് ഇക്കുറി കൂട്ടിയിരിക്കുന്നത്. 50 കിലോഗ്രാം ചാക്കിന് 700 രൂപയായിരുന്നവില 950 രൂപയായാണ് കുതിച്ചിരിക്കുന്നത്. എണ്ണവില വര്‍ധനയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.മിക്ക കൂട്ടുവളങ്ങള്‍ക്കും 50 കിലോഗ്രാം ചാക്കിന് വില ആയിരത്തിനുമുകളിലാണ്..1050 രൂപയ്ക്ക് മറ്റു കമ്പനികള്‍ നല്കുന്നവളം പൊതുമേഖലാ സ്ഥാപനമായ എഫ്.എ.സി.ടി. അതിനേക്കാള്‍ 15 രൂപ കൂട്ടി 1065 രൂപയ്ക്കാണ് നല്കുന്നത്.
പ്രളയത്തില്‍ എക്കല്‍ കൂടുതല്‍ എത്തിയതിനാല്‍ കൂടുതല്‍ രാസവളം ഉപയോഗിക്കേണ്ട തില്ലെന്നും,ഇക്കാര്യത്തില്‍ വിശദമായി പരിശോധിക്കുമെന്നും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു .
Share your comments