വിവിധ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് കർഷകർ പങ്കെടുക്കുന്ന മാർച്ച് ഇന്ന് മുംബൈയിൽ നടക്കും.ഉത്‌പന്നങ്ങളുടെ താങ്ങുവില ഉത്‌പാദനച്ചെലവിന്റെ അമ്പതു ശതമാനത്തിന് മുകളിലാക്കുക, വരൾച്ചാദുരിതാശ്വാസം നൽകുക, കാർഷികവായ്പ പൂർണമായി എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, കാടിൻ്റെ അവകാശം ആദിവാസികൾക്ക് നൽകുക എന്നീ ആവശ്യങ്ങളാണ് കർഷകർ പ്രധാനമായി ഉന്നയിക്കുന്നത്. റാലിയിൽ 20,000 കർഷകർ പങ്കെടുക്കും. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബുധനാഴ്ച താനെയിലെത്തി ഒത്തുചേർന്ന കർഷകർ കാൽനടയായി വ്യാഴാഴ്ച മുംബൈ നഗരത്തിലെത്തും.ആസാദ് മൈതാനിവരെയാണ് പോലീസ് അനുവാദം നൽകിയിട്ടുള്ളത്. അവിടെ പൊതുസമ്മേളനം നടക്കും.
എട്ടുമാസങ്ങൾക്കുമുമ്പ് സി.പി.എം. കർഷകസംഘടനയായ കിസാൻസഭ നാസിക്കിൽനിന്ന് നടത്തിയ മാർച്ച് പോലെയാണ് ഈ കർഷകമാർച്ചും ആസൂത്രണം ചെയ്തിട്ടുള്ളത്.താനെ, ബുസാവൽ, മറാത്ത്‌വാഡ മോഖലകളിൽനിന്നുള്ള കർഷകരാണ് പ്രധാനമായി മാർച്ചിലുള്ളത്. ലോക് സംഘർഷ് മോർച്ചയാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ അഖിലേന്ത്യാ കിസാൻ നടത്തിയ ലോങ് മാർച്ചിൽ മുന്നോട്ടുവെച്ച 13 ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും ഇതുവരെ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ലോക് സംഘർഷ് മോർച്ച കർഷക റാലിക്ക് തുടക്കമിട്ടിരിക്കുന്നത്.
Share your comments