<
  1. News

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്

കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Meera Sandeep
കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക്  ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്
കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം: മന്ത്രി പി.പ്രസാദ്

എറണാകുളം: കര്‍ഷകര്‍ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍  നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ  2022-23 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച  കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക വിളകളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കിയാല്‍ വലിയ സാധ്യതകളാണ് മുന്നിലുള്ളത്. അതാത് പ്രദേശങ്ങളില്‍ കൃഷി കൂട്ടങ്ങള്‍ ഇതിന് മുന്‍കൈയെടുക്കണം. ഇത്തരം സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുമാണ്   സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും നയം.

വിപണിയിലെ ആവശ്യകത അറിഞ്ഞ് കൃഷി ചെയ്യുക എന്നതും നിലവിലെ സാഹചര്യത്തില്‍ പ്രധാനമാണ്.  ഓരോ പ്രദേശത്തെയും മണ്ണിന്റെ ഘടന വ്യത്യാസപ്പെട്ടിരിക്കുന്നു. ആ ഘടനയെ ശാസ്ത്രീയമായി പഠിച്ച്  കൃഷി ചെയ്യുകയാണെങ്കില്‍ മെച്ചപ്പെട്ട വിളവ് ലഭിക്കും.

കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് ന്യായമായ വില ലഭിക്കുക എന്നതും ആവശ്യമാണ്. അവിടെയാണ് കാര്‍ഷിക വിപണന  കേന്ദ്രങ്ങളുടെ പ്രാധാന്യം. കൂവപ്പടിയിലെ  വിപണന കേന്ദ്രം  മാതൃകാപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഭാവിയില്‍  കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ബേസില്‍ പോള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.പി അജയകുമാര്‍, പി.പി അവറാച്ചന്‍, സിന്ധു അരവിന്ദ്, കെ.എം ഷിയാസ്, ഷിജി ഷാജി, ശില്പ സുധീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ബാബു ജോസഫ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിവര്‍ പങ്കെടുത്തു.

English Summary: Farmers should focus on value-added products: Minister P. Prasad

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds