1. റേഷൻ കടകളിലെത്താൻ സാധിക്കാത്ത അവശരായ ആളുകൾക്ക് ഭക്ഷ്യസാധനങ്ങൾ ഓട്ടോറിക്ഷകളിൽ വീട്ടിലെത്തും. ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ നേരിട്ടെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിക്ക് കേരളത്തിൽ തുടക്കമാകുന്നു. അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി വഴി എല്ലാമാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും.
അർഹരായ കുടുംബങ്ങളെ കണ്ടെത്തി കൃത്യമായ റേഷൻ ലഭ്യമാക്കുന്നുവെന്ന് പദ്ധതിയിലൂടെ ഉറപ്പുവരുത്തും. ഗുണഭോക്താക്കൾക്ക് പദ്ധതിയിലൂടെ യാതൊരു സാമ്പത്തികബാദ്ധ്യതയും ഉണ്ടാകില്ല. സംസ്ഥാനത്ത് ആദ്യമായി തൃശൂർ ജില്ലയിലെ നടത്തറ പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് ഒപ്പം പദ്ധതിയും നടപ്പിലാക്കുന്നത്.
കൂടുതൽ വാർത്തകൾ: PM Kisan; തപാൽ വഴി ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം..കൂടുതൽ വാർത്തകൾ
2. അശാസ്ത്രീയ നികുതി പരിഷ്‌ക്കാരങ്ങള്‍ ഹോട്ടല്‍ മേഖലയെ പ്രതികൂലമായി ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചകവാതക വില ക്രമാതീതമായി വര്‍ധിപ്പിച്ചതും, ഇത്തരത്തിലുള്ള നടപടികളിലൂടെ സാധാരണക്കാരെ പോലെ ഹോട്ടലുകളേയും റെസ്റ്റോറന്റുകളേയും പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
3. ഏകജാലക സംവിധാനം വഴി കർഷകർക്ക് ഫാം ലൈസൻസ് ലഭ്യമാക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ ക്ഷീര കർഷക അദാലത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ചർമമുഴ രോഗം ബാധിച്ച് മരിച്ച പശുക്കളുടെ ഉടമകളായ കർഷകർക്ക് കറവ പശു, കിടാരി, ആറുമാസത്തിൽ താഴെ പ്രായമുള്ള കിടാവ് എന്നിവയ്ക്ക് 30,000, 16,000, 5000 എന്നിങ്ങനെ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. കർഷകരുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് കൃഷിമന്ത്രി പി പ്രസാദ്. മലപ്പുറം കൈമലശേരിയിൽ സംഘടിപ്പിച്ച കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ പ്രാദേശികമായി തന്നെ വിപണനം ചെയ്യുമെന്നും ഇരുപത്തയ്യായിരം കൃഷി കൂട്ടങ്ങളാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5. ഉത്തര മേഖലാ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടത്തുന്ന ‘ഫാം കാര്‍ണിവല്‍ - സഫലം 2023നോടനുബന്ധിച്ച് വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. പരിശീലനം ഈ മാസം 21 ന് (21.02.2023) ശാസ്ത്രീയ കശുമാവ് കൃഷി പരിശീലനം. വിളിക്കേണ്ട നമ്പര്‍ – 7012389920., ഈ മാസം 23 ന് ‘കശുമാവ് കൃഷി ഭാവിയിലേക്കുള്ള വിള’- ഏകദിന സെമിനാര്‍. വിളിക്കേണ്ട നമ്പര്‍ – 7907277748., ഈ മാസം 25 ന് കാര്‍ഷിക യന്ത്രങ്ങളുടെ പ്രായോഗിക പരിശീലനം. വിളിക്കേണ്ട നമ്പര്‍ – 9846334758., ഈ മാസം 25 ന് സുഗന്ധ വ്യഞ്ജന വിളകള്‍ – സെമിനാര്‍. തീയതി (25.02.2023.) വിളിക്കേണ്ട നമ്പര്‍ – 7907741584 ., ഈ മാസം 27 ന് തെങ്ങിലെ കൃഷിരീതികള്‍ – സെമിനാര്‍. വിളിക്കേണ്ട – 8281307144., ഈ മാസം 28 ന് (28.02.2023) കശുമാങ്ങ സംസ്‌കരണം ഏകദിന പരിശീലനം. (വനിതകള്‍ക്ക്) വിളിക്കേണ്ട നമ്പര്‍ – 9846334758. പരിപാടിയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയുളള സമയങ്ങളില്‍ അതത് നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലപ്പുഴ കുറുപ്പുംകുളങ്ങര ഗവ.എൽ.പി സ്കൂളിൽ പച്ചക്കറി കൃഷി വിളവെടുത്തു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിനിമോൾ സാംസൺ വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളുടെ പരിപാലനത്തിൽ നൂറമേനി വിളഞ്ഞ പച്ചക്കറി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പാണ് കഴിഞ്ഞത്.
7. ഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്‌ക്കരിക്കാനൊരുങ്ങി ആരോഗ്യ വകുപ്പ്. കൂടുതൽ ആളുകള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സുരക്ഷിത ഭക്ഷണം ഒരുക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഫോര്‍ട്ട് കൊച്ചിയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നല്‍കുന്നതോടൊപ്പം എല്ലാ സ്ഥാപനങ്ങള്‍ക്കും രജിസ്‌ട്രേഷനോ ലൈസന്‍സോ ഉറപ്പാക്കാനും തീരുമാനമാനമായി. ആദ്യഘട്ടത്തിൽ മേഖലയിലെ ഭക്ഷ്യ സ്ഥാപനങ്ങളുടെ സര്‍വേ നടത്തും. തദ്ദേശസ്വയംഭരണം, ടൂറിസം, പോലീസ്, ഹെറിറ്റേജ് സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക.
8. പാലക്കാട് ജില്ലയിൽ രണ്ടാം വിള നെല്ല് സംഭരണത്തിനായി 62 മില്ലുകൾ സജ്ജം. മില്ലുകളുമായി സപ്ലൈകോ കരാർ ഒപ്പുവച്ചു. ഒന്നാംവിള നെല്ല് സംഭരണത്തിനായി ഒപ്പുവെച്ച സപ്ലൈകോ-മില്ല് കരാർ ജനുവരി 31നാണ് അവസാനിച്ചത്. ഇത്തവണയും മൂന്ന് മാസത്തേക്കാണ് കരാർ. നിലവിൽ വടക്കാഞ്ചേരി, തൃത്താല, കുഴൽമന്ദം, പുതക്കോട് ഭാഗങ്ങളിൽ രണ്ടാംവിള കൊയ്ത്ത് ആരംഭിച്ചു. നിശ്ചിത ശതമാനം കൊയ്ത്ത് പൂർത്തിയാക്കിയ പാടങ്ങളിൽ കൃഷി ഓഫീസറുടെ അനുമതിയോടെ സംഭരണം തുടങ്ങും.
9. കുവൈറ്റിനെ പച്ചപ്പണയിക്കാൻ തുടർച്ചയായ നാലാം വർഷവും ‘ഹരിത കുവൈത്ത്’ കാമ്പയിൻ സംഘടിപ്പിക്കുന്നു. യുനൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാം, കുവൈത്ത് ഓയിൽ കമ്പനിയുമായി ചേർന്നാണ് കാമ്പയിൻ നടപ്പിലാക്കുന്നത്. ക്യാമ്പെയിന്റെ ഭാഗമായി അൽ അബ്ദാലിയ പ്രകൃതിസംരക്ഷണ കേന്ദ്രത്തെ പച്ചപ്പണിയിക്കുക എന്ന ലക്ഷ്യത്തോടെ 500 മരത്തൈകൾ നട്ടുപിടിപ്പിക്കും.
10. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥ തുടരുന്നു. പകൽ സാധാരണ ചൂടും, രാത്രി തണുപ്പും ചേർന്ന കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. താപനില കൂടുന്നത് കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് കർഷകരുടെ ആശങ്ക. മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമോ നൽകേണ്ട സാഹചര്യം നിലവിലില്ല.
Share your comments