കുട്ടികൾക്കൊപ്പം ആവേശത്തോടെ മന്ത്രിയും, വിളവെടുപ്പുല്‍സവം ആഘോഷമാക്കി മടിയത്ര
കുട്ടികൾ പരിപാലിച്ചുണ്ടാക്കിയ പച്ചക്കറികൾ കണ്ടപ്പോൾ മന്ത്രിക്ക് ആവേശം. അവരെ കൂടെ കൂട്ടി പച്ചക്കറി തോട്ടത്തിലേക്ക്. പഴുത്ത തക്കാളി ഓരോന്നായി മുറിച്ചെടുത്ത് കുട്ടയിലാക്കി. ശേഷം നിറഞ്ഞ കുട്ടകൾ പെൺകുട്ടികളുടെ കൈകളിലേക്ക്. പിന്നെയും നീളൻമുളകും ക്യാപ്സിക്കവും പയറും പടവലവും പാവയ്ക്കും ഒക്കെ കണ്ടപ്പോൾ കുട്ടികൾക്കൊപ്പം ഓടി നടന്ന് വിളവെടുത്തു. പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ആഘോഷമാക്കി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നത് മറ്റാരുമല്ല കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍. വൈക്കം, മടയിത്ര ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളില്‍ തയ്യാറാക്കിയ ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പുല്‍സവം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്.
സ്കൂളുകളിൽ കൃഷി പാഠ്യപദ്ധതി ആക്കുന്നതിനുളള നടപടി പൂര്‍ത്തിയായി വരികയാണ്. അതിനു മുന്‍പ് തന്നെ ഈ സ്‌കൂളിലെ ഈ കൃഷിപാഠം സംസ്ഥാനത്തിനൊട്ടാകെ മാതൃകയായി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
വിദ്യാലയങ്ങളില്‍ കൃഷി പാഠ്യപദ്ധതിയാക്കുന്നതിന് മുന്നോടിയായി ജൈവ വൈവിധ്യ പാര്‍ക്ക് തയ്യാറാക്കി വരികയാണ്. കൃഷിയെ ഉപജീവന മാര്‍ഗം എന്നതിലുപരി സംസ്‌കാരമായി ഉള്‍ക്കൊളളണം. അതിനുളള പ്രാരംഭം വിദ്യാലയങ്ങളില്‍ നിന്നു തന്നെ തുടങ്ങണം. സൂഷ്മജീവികളും സസ്യങ്ങളും ചെറുപ്രാണികളും അടങ്ങുന്ന വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥ ഉള്‍ക്കൊളളുന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ പ്രവര്‍ത്തന നിരതമായിരിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കേണ്ടവര്‍ തന്നെ ഘാതകരാകുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം അദ്ദേഹം പറഞ്ഞു.
സി.കെ ആശ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പച്ചക്കറിത്തോട്ട നിര്‍മാണത്തിന് നേതൃത്വം നല്‍കിയ കൃഷി ഓഫീസര്‍മാരായ ടി. എസ്. സലിമോന്‍, മേയ്സന്‍ മുരളി, വിദ്യാര്‍ത്ഥികളായ അഭിനവ് സി.സി., അഭിജിത്ത് ഇ.വി. എന്നിവരെ മന്ത്രി ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കൃഷി ആല്‍ബത്തിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. വി. എച്ച്. എസ്. എസ്. നാഷണല്‍ ക്വിക്ക് ബോക്‌സിംഗ് സില്‍വര്‍ മെഡല്‍ ജേതാവ് ആനന്ദ് സി. എസ്, ചാണ്ടീസ് സ്‌കോളര്‍ഷിപ്പ് ജേതാക്കളായ അര്‍ച്ചന എ.ജെ., ഐശ്വര്യ കെ. ആര്‍. എന്നീ വിദ്യാര്‍ത്ഥികള്‍ക്കും മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു.
നഗരസഭാദ്ധ്യക്ഷ എസ്. ഇന്ദിരാദേവി വിപണനോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുമ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ് ജോസഫ് പദ്ധതി വിശദീകരിച്ചു. നഗരസഭ പ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.
CN Remya Chittettu Kottayam, #KrishiJagran
Share your comments